ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒരു യുഗത്തിന് അന്ത്യമായി. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്റെ മരണം രാജ്യത്തിന് ഒരു തീരാനഷ്ടമാണ്. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജകുടുംബം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. കോവിഡും ഹൃദയസംബന്ധമായ അസുഖവും കാരണം ദിവസങ്ങളോളം ആശുപത്രിയിലായിരുന്ന ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. പിന്നാലെ ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

1921 ജൂൺ 10ന് ഗ്രീക്ക് ഐലൻഡിലെ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരന്‍റെ ജനനം. ഹെല്ലനീസ് രാജാവ് ജോർജ് ഒന്നാമന്‍റെ ഇളയ മകനായ പ്രിൻസ് ആൻഡ്രു (ഗ്രീസ്-ഡെന്മാർക്) ആണ് ഫിലിപ്പ് രാജകുമാരന്‍റെ പിതാവ്. ലൂയിസ് മൗണ്ട് ബാറ്റൻ പ്രഭുവിന്‍റെ മകളും വിക്ടോറിയ രാജ്ഞിയുടെ ചെറുമകളുമായ ആലീസ് രാജകുമാരിയാണ് മാതാവ്. 1947ലാണ് എലിസബത്ത് രാജ്ഞിയും നാവികസേന ഉദ്യോഗസ്ഥനായ ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ച വ്യക്തിയാണ് ഫിലിപ്പ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് 2017 ഓഗസ്റ്റിലാണ് ഫിലിപ്പ് രാജകുമാരൻ 65 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. എലിസബത്ത്-ഫിലിപ്പ് ദമ്പതികൾക്ക് ചാൾസ് രാജകുമാരൻ, അന്നാ രാജകുമാരി, ആൻഡ്രു രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ എന്നീ നാല് മക്കളും എട്ട് പേരക്കുട്ടികളും 10 പേരക്കുട്ടികളുടെ മക്കളും ഉണ്ട്. 150ൽ പരം രാജ്യങ്ങൾ സന്ദർശിച്ച രാജകുമാരൻ പതിനാലോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേംബ്രിജ്, എഡിൻബറ അടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായിരുന്നു അദ്ദേഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിയായ ദുഃഖത്തോടെയാണ് രാജ്ഞി തന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ മരണം പ്രഖ്യാപിച്ചത്. ഔദ്യോഗിക പദവികളൊന്നും തന്നെ തേടിയെത്തിയില്ല എങ്കിലും കൊട്ടാരത്തിലെ ഒരു ശക്തികേന്ദ്രമായി എപ്പോഴും നിലകൊണ്ട വ്യക്തിയായിരുന്നു ഫിലിപ്പ്. യുണൈറ്റഡ് കിംഗ്ഡത്തിലും കോമൺ‌വെൽത്തിലും ലോകമെമ്പാടുമുള്ള തലമുറകളുടെ വാത്സല്യം നേടിയാണ് ഫിലിപ്പ് രാജകുമാരൻ യാത്രയാകുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. നിരവധി ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായി നിലകൊണ്ട രാജകുമാരന്റെ നിര്യാണത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചു. ആദരസൂചകമായി കൊട്ടാരത്തിന് പുറത്ത് ആളുകൾ പുഷ്പാർച്ചന നടത്തി. നൂറുകണക്കിന് ആളുകൾ വിൻഡ്‌സർ കാസിൽ സന്ദർശിച്ചു. എന്നിരുന്നാലും, കൊറോണ വൈറസ് പകർച്ചവ്യാധിക്കിടയിൽ രാജകീയ വസതികളിൽ തടിച്ചുകൂടരുതെന്ന് സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഡ്യൂക്കിന്റെ സ്മരണയ്ക്കായി പൂക്കൾ സമർപ്പിക്കുന്നതിനുപകരം ഒരു ചാരിറ്റിക്കായി സംഭാവന നൽകുന്നത് പരിഗണിക്കാൻ രാജകുടുംബം ജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്ഞിയുടെ ഭരണവിജയത്തിന് ഫിലിപ്പ് രാജകുമാരൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്. ബ്രിട്ടനിലും പുറത്തുമായി രാജ്ഞി പങ്കെടുത്ത ആയിരക്കണക്കിന് പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് രാജകുമാരൻ. കൊട്ടാരത്തിലെ പല പരമ്പരാഗത രീതികളെയും നവീകരിക്കാൻ ശ്രമിച്ച ഫിലിപ്പ് രാജകുമാരൻ, ടെലിവിഷനിൽ അഭിമുഖം നൽകിയ ആദ്യത്തെ ബ്രിട്ടിഷ് രാജകുടുംബാംഗം കൂടിയാണ്. സമകാലിക ബ്രിട്ടീഷ് സമൂഹത്തിലെ ചില പ്രശ്‌നങ്ങൾക്ക് സ്വയം പരിഹാരം കാണുന്ന ചലനാത്മകവും പ്രതികരിക്കുന്നതുമായ ഒരു ഇടമായി രാജവാഴ്ചയെ ഒരുക്കിത്തീർത്തത് ഫിലിപ്പ് രാജകുമാരൻ ആണ്. എലിസബത്ത് രാജ്ഞി പരമാധികാരിയായിരുന്നുവെങ്കിലും കുടുംബകാര്യങ്ങളിൽ ഫിലിപ്പ് രാജകുമാരനായിരുന്നു കുടുംബനാഥനായി നിലകൊണ്ടത്.

നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സമയത്തും അതിനെതിരെ ശക്തമായി പോരാടാൻ അദ്ദേഹം തയ്യാറായി. 2011ൽ ധമനിയിലെ തടസ്സം മൂലം അദ്ദേഹത്തിനു സ്റ്റെന്റ് ഘടിപ്പിച്ചു. 2018 ൽ ഇടുപ്പിൽ ശസ്ത്രക്രിയ നടത്തി. 2019 ജനുവരിയിൽ അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഈ വർഷം കോവിഡ് ബാധിതനായി. ഇതിനെയെല്ലാം തരണം ചെയ്തു മുന്നേറിയ ഫിലിപ്പ് രാജകുമാരൻ ഒരു പോരാളിയാണ്. മരണത്തിന് കവർന്നെടുക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ബ്രിട്ടീഷ് ജനത ഏറ്റെടുക്കും… ഹൃദയങ്ങളിൽ സൂക്ഷിക്കും.