ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- യൂറോ 2020 മത്സരത്തിനിടെ കുഴഞ്ഞുവീണ. ” നമ്മളെല്ലാവരും തന്നെ ക്രിസ്റ്റന്റെയും കുടുംബത്തിന്റെയും അവസ്ഥയെ പറ്റി ചിന്തിക്കുന്നുണ്ട് ” എന്ന് കുടുംബാംഗങ്ങൾക്ക് എഴുതിയ ഹൃദയസ്പർശിയായ സന്ദേശത്തിൽ വില്യം മനസ്സുതുറന്നു. ഫിൻലന്റിനെതിരെയുള്ള ഫുട്ബോൾ മത്സരത്തിനിടെയാണ് ഡെന്മാർക്ക് മിഡ്‌ ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തിൽ കുഴഞ്ഞുവീണത്. വില്യം രാജകുമാരൻ നല്ലൊരു ഫുട്ബോൾ ആരാധകനും, അതോടൊപ്പം തന്നെ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റും ആണ്. എറിക്സന്റെ കുടുംബാംഗങ്ങൾക്ക് ട്വിറ്ററിൽ കുറിച്ച വരികളിലാണ് അദ്ദേഹം തന്റെ പൂർണ്ണ പിന്തുണയും സഹായവും പ്രഖ്യാപിച്ചത്. ഇതോടൊപ്പംതന്നെ എറിക്സന്റെ തിരിച്ചുവരവിൽ പ്രയത്നിച്ച മെഡിക്കൽ സംഘത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.


മത്സരത്തിൽ ഫസ്റ്റ് ഹാഫിന്റെ അവസാനമാണ് അദ്ദേഹം ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്. ഉടൻതന്നെ ടീം അംഗങ്ങൾ മെഡിക്കൽ സഹായത്തിനായി ആവശ്യപ്പെട്ടു. മെഡിക്കൽ സംഘം ഉടൻ തന്നെ ഗ്രൗണ്ടിൽ എത്തി എറിക്സന് സിപിആർ നൽകി. ഡെൻമാർക്ക് താരങ്ങൾ മുഴുവൻ തന്നെ അദ്ദേഹത്തിന് ചുറ്റും നിന്ന് മെഡിക്കൽ സ്റ്റാഫുകൾക്ക് ആവശ്യമായ സ്വകാര്യത നൽകി. കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ കൂടിയ കാണികൾ എല്ലാവരും തന്നെ തങ്ങളുടെ പ്രിയതാരത്തിനു സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിൽ ആയിരുന്നു.


എറിക്സന്റെ ഭാര്യ സബ്രിനയും ഉടൻതന്നെ ഗ്രൗണ്ടിലേക്ക് എത്തി. ഇവരെ ടീം അംഗങ്ങൾ എല്ലാവരും ചേർന്ന് ആശ്വസിപ്പിക്കുന്ന കാഴ്ചയും ഹൃദയഭേദകമായിരുന്നു. പിന്നീട് മത്സരം ക്യാൻസൽ ചെയ്തതായി യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. ഡെന്മാർക്ക് താരത്തിന് സംഭവിച്ച ആരോഗ്യ പ്രതിസന്ധിമൂലം മത്സരം മാറ്റിവെക്കുന്നതായും, താരത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും യു ഇ എഫ് എ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പിന്നീടാണ് എറിക്സന് ആശുപത്രിയിൽ വച്ച് ബോധം തെളിഞ്ഞതായുള്ള ഉള്ള വാർത്തകൾ പുറത്തുവന്നത്. വില്യം രാജകുമാരൻ ഉൾപ്പെടെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും പിന്തുണയും സഹായവുമായി എത്തിയത്. താരത്തിനും കുടുംബത്തിനും എല്ലാവിധ സഹായവും പിന്തുണയും ഉണ്ടാകുമെന്ന് ഫിഫ പ്രസിഡണ്ട് ജിയന്നി ഇൻഫെന്റിനോ അറിയിച്ചു.