ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണദിവസം ദുഃഖിതരായ രാജകുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നതിൽ നിന്ന് മേഗൻ മാർക്കിളിനെ ചാൾസ് രാജാവ് വിലക്കിയതിനെ തുടർന്ന്, ഹാരി രാജകുമാരൻ രാജാവിനോടും വില്യമിനോടും ഒപ്പം അത്താഴം കഴിക്കാൻ വിസമ്മതിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹാരി രാജകുമാരന് തന്റെ ഭാര്യ തന്നോടൊപ്പം ഉണ്ടാകണമെന്ന് ശക്തമായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടനിലെ പുതിയ രാജാവ് തന്റെ ഇളയ മകനെ ഫോണിൽ വിളിച്ച് മേഗൻ അവിടെ ഉണ്ടായിരിക്കുന്നത് ഉചിതമല്ലെന്ന് പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിനെ തുടർന്നാണ് ഹാരി രാജകുമാരൻ ഇരുവരോടും ഒപ്പമുള്ള അത്താഴം ഒഴിവാക്കിയത്. ഈ പ്രശ്നങ്ങൾ ഫോണിലൂടെ സംസാരിച്ചുകൊണ്ടിരുന്നതിനാൽ വില്യമിനും, ആൻഡ്രൂ രാജകുമാരനും എഡ്വേർഡിനുമൊപ്പമുള്ള ഫ്ലൈറ്റ് ഹാരി രാജകുമാരന് നഷ്ടമായതായാണ് റിപ്പോർട്ടുകൾ. പിന്നീട് തനിയെ മേഗൻ ഇല്ലാതെ വൈകിട്ട് 6 :35 ഓടെ ആണ് ഹാരി രാജകുമാരൻ കൊട്ടാരത്തിൽ എത്തിയത്.
ഹാരി രാജകുമാരനും രാജകുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ പുരോഗതിയില്ല എന്നു തന്നെയാണ് ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത്. രാജ്ഞിയുടെ മരണം ഔദ്യോഗികമായി ലോകത്തിനു മുൻപിൽ അറിയിക്കുന്നതിന് കുറച്ചുസമയം മുൻപ് മാത്രമാണ് ഹാരി രാജകുമാരൻ കൊട്ടാരത്തിൽ എത്തിയത്. പിറ്റേദിവസം രാവിലെ തന്നെ അദ്ദേഹം ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ മടങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Leave a Reply