മോഹൻലാൽ സംവിധായകനാകുന്ന ഫാന്റസി ചിത്രം ‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്.

കോവിഡ് സാഹചര്യങ്ങളാൽ ‘ബറോസിന്റെ’ ചിത്രീകരണം ഈ വർഷം മധ്യത്തിൽ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ചിത്രീകരണവും നിന്നു. സിനിമയുടെ ചിത്രീകരണം ഡിസംബർ 26ന് വീണ്ടും പുനരാരംഭിച്ചു.

ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി രൂപം മാറിയതടക്കമാണ് കാരണം. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്‌ല, ‘ബറോസ്’ ടീമിനൊപ്പമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിനിമയുടെ കാസ്റ്റിങ് കോൾ നടക്കുമ്പോൾ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. ഷൂട്ടിങ് അനശ്ചിതത്വത്തിലായതോടെ കുട്ടിയുടെ പ്രായവും വളർച്ചയും തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.

പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.