സ്ത്രീവിരുദ്ധ പ്രസ്താവനകളും നിലപാടുകളും തന്റെ സിനിമകളിൽ ഉണ്ടാകില്ലെന്ന് പറഞ്ഞ് കയ്യടി നേടിയ താരമാണ് പൃഥ്വിരാജ്. എന്നാൽ പൃഥിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിൽ ഐറ്റം ഡാൻസ് ചേർത്തത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പൃഥ്വിയുടെ പ്രസ്താവനകൾക്ക് വിരുദ്ധമാണ് ഐറ്റം ഡാൻസ് എന്നായിരുന്നു പ്രധാനം വിമർശനം. അത്തരം വിമർശനങ്ങൾക്ക് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് മറുപടി നൽകി.
മുംബൈയിലെ ഡാൻസ് ബാറിൽ പിന്നെ ഓട്ടം തുള്ളൽ ചിത്രീകരിക്കണമായിരുന്നോ എന്നാണ് പൃഥ്വിയുടെ മറുചോദ്യം. അങ്ങനെ ചിത്രീകരിച്ചാൽ അത് അഭംഗിയാകും. സ്ത്രീകൾ ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ച് നൃത്തം ചെയ്യുന്നത് സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തില്‍ പറയുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാൻസ് ബാർ രംഗവും തന്റെ പ്രസ്താവനയും തമ്മിൽ എങ്ങനെ ബന്ധിപ്പിക്കാൻ സാധിക്കുമെന്നും പൃഥ്വിരാജ് ചോദിക്കുന്നു.
ലൂസിഫർ രണ്ടാംഭാഗത്തെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി. 200 കോടി ക്ലബിൽ കയറിയ ലൂസിഫർ ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും അധികം വാണിജ്യ വിജയം നേടിയ ഒന്നാണ്. സിനിമ റിലീസിന് മുമ്പ് സാറ്റലൈറ്റ് തുകയെക്കാള്‍ ഡിജിറ്റല്‍ റൈറ്റ് കിട്ടുന്നത് മലയാളത്തില്‍ ആദ്യമാണെന്ന് പൃഥ്വിരാജ് പറയുന്നു.
Leave a Reply