ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍തുകകള്‍ കൊയ്യുന്നതായി വെളിപ്പെടുത്തല്‍. പ്രൈവറ്റ് ഫിനാന്‍സ് ഇനിഷ്യേറ്റീവ് വ്യവസ്ഥയിലാണ് ഇവര്‍ ആശുപത്രികള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രീ ടാക്‌സ് പ്രോഫിറ്റായി831 മില്യന്‍ പൗണ്ട് ഇവര്‍ നേടിക്കഴിഞ്ഞതായാണ് വെളിപ്പെടുത്തല്‍. അടുത്ത 5 വര്‍ഷംകൊണ്ട് 1 ബില്യന്‍ പൗണ്ട് കൂടി ഇവര്‍ സമ്പാദിക്കുമെന്നും പ്രവചിക്കപ്പെടുന്നു. രോഗികളുടെ സേവനത്തിന് ഉപയോഗിക്കപ്പെടേണ്ട ഫണ്ടുകളാണ് ഈ വിധത്തില്‍ സ്വകാര്യ കമ്പനികളുടെ പോക്കറ്റിലേക്ക് വീഴുന്നത്. എന്‍എച്ച്എസ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോളാണ് ഈ പണമൊഴുക്ക് എന്നതാണ് വിരോധാഭാസം.
സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് പബ്ലിക് ഇന്ററസ്റ്റ് ആണ് കണക്കുകള്‍ പുറത്തു വിട്ടത്. പിഎഫ്‌ഐ കമ്പനികള്‍ക്ക് അടുത്ത 5 വര്‍ഷത്തേക്ക് നല്‍കാനുള്ള തുക 2016-17 വര്‍ഷം മുതല്‍ 2020-21 വരെ സര്‍ക്കാര്‍ അധികമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന തുകയുടെ 22 ശതമാനം വരും. നിക്ഷേകര്‍ക്ക് ഡിവിഡന്റ് നല്‍കാനല്ല, രോഗികള്‍ക്ക് പരിചരണം നല്‍കുന്നതിനായാണ് ഈ തുക നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതെന്ന് സെന്റര്‍ അധ്യക്ഷന്‍ കോളിന്‍ ലെയ്‌സ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം എന്‍എച്ച്എസില്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതും ഓപ്പറേഷനുകള്‍ക്കായി കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നതും കണക്കിലെടുത്ത് ഈ സാമ്പത്തികച്ചോര്‍ച്ച തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു സ്വകാര്യ കമ്പനി രൂപീകരിക്കുന്ന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുകയും ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. പിന്നീട് ഈ കെട്ടിടങ്ങള്‍ പൊതുമേഖലയ്ക്ക് പാട്ടത്തിനു നല്‍കുന്നതാണ് പിഎഫ്‌ഐ രീതി. വാര്‍ഷികമായി പ്രതിഫലം വാങ്ങുന്ന ഈ സമ്പ്രദായം പൊതു ഖജനാവില്‍ നിന്നുള്ള ധനവിനിയോഗത്തേക്കാള്‍ ചെലവേറിയതാണെന്നതിനാല്‍ നേരത്തേ തന്നെ വിവാദമായിരുന്നു.
Leave a Reply