ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ട്രക്ക് ഉപയോഗിച്ച് മൊബൈൽ സ്പീഡ് ക്യാമറ ബോധപൂർവ്വം തടഞ്ഞ ഡ്രൈവർക്ക് മുന്നറിയിപ്പുമായി പൊലീസ്. ജൂലൈ 14ന് ബ്രാഡ്‌ഫോർഡിലെ തോൺടൺ ഏരിയയിൽ വാഹനം പാർക്ക് ചെയ്ത 67 കാരൻ പോലീസ് എൻഫോഴ്‌സ്‌മെന്റ് ജോലികൾ നടത്തുന്നതിനിടെ ക്യാമറ ഓപ്പറേറ്ററെ തടസ്സപ്പെടുത്താൻ ട്രക്കിന്റെ ബെഡ് ഉയർത്തി വെച്ചതായി യോർക്ക്ഷയർ ഫോഴ്‌സ് പറഞ്ഞു. പോലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസറെ മനഃപൂർവ്വം തടസ്സപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

മൊബൈൽ സ്പീഡ് എൻഫോഴ്‌സ്‌മെന്റിൻെറ 20 മീറ്ററിനുള്ളിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകി. അമിതവേഗമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ഇതുപോലെ പോലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്നത് തെറ്റാണെന്നും വെസ്റ്റ് യോർക്ക്ഷെയർ പോലീസിലെ കാഷ്വാലിറ്റി പ്രിവൻഷൻ യൂണിറ്റ് മേധാവി പോൾ ജെഫ്രി പറഞ്ഞു.

പോലീസ് റീഫോം ആക്ടിന് കീഴിലുള്ള സെക്ഷൻ 59 നോട്ടീസ് ഇയാൾക്ക് നൽകി. അതായത് ഈ തെറ്റ് ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കാൻ പോലീസിന് അധികാരമുണ്ട്.