എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കാന്‍ ഒരു ലക്ഷം രൂപ വീതം ആവശ്യപ്പെട്ട സംഭവത്തില്‍ മലപ്പുറം എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്മെന്‍റ് പണം ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 23 കുട്ടികളാണ് ഇവിടെനിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇതില്‍ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്.
ഐ.സി.എസ്.ഇ സിലബസ്സിലുള്ള മലപ്പുറം ജില്ലയിലെ ചുരുക്കം സ്‌കൂളുകളിലൊന്നാണ് ചുങ്കത്തറയിലെ ഗുഡ് ഷെപ്പേഡ് സ്‌കൂള്‍. ഇവിടെ നിന്നും പത്താം ക്ലാസ് പാസ്സായ ശേഷം ടിസി ആവശ്യപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ മുന്നോട്ടുവച്ച വിചിത്രമായ ആവശ്യം നേരിടേണ്ടിവന്നിരിക്കുന്നത്. ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ ഏകജാലക നടപടികളിലൂടെ അപേക്ഷ നല്‍കിയതിനോടൊപ്പം സ്‌കൂളില്‍ നിന്നും ടിസി ആവശ്യപ്പെട്ട ഇവരോട് ഒരു ലക്ഷം രൂപയാണ് ഈയിനത്തില്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകള്‍ കൂടി സ്‌കൂളില്‍ തന്നെ പഠിക്കണമെന്നും, ഇത് നേരത്തേ തന്നെ പ്രോസ്പെക്ടസില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നുമാണ് മാനേജ്മെന്റ് ഈ ആവശ്യത്തെ ന്യായീകരിച്ചുകൊണ്ട് ഉയര്‍ത്തുന്ന വാദം.
ഈ നിര്‍ദ്ദേശം സമ്മതിച്ചുകൊണ്ടാണ് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നതെന്നും, ഇപ്പോള്‍ അതില്‍ നിന്നും പിന്മാറുകയാണെങ്കില്‍ രണ്ടു വര്‍ഷത്തെ ഫീസ് തുക നഷ്ടപരിഹാരമായി ഈടാക്കുമെന്നുമാണ് സ്‌കൂളിന്റെ പക്ഷം. പത്താം തരം പാസ്സായ 29 വിദ്യാര്‍ത്ഥികളില്‍ ആറു പേരുടെ രക്ഷിതാക്കള്‍ ഈ ആവശ്യം നിരാകരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഹയര്‍സെക്കന്ററി ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം പാടേ കുറഞ്ഞതോടെ, ക്ലാസ്സുകള്‍ നിലനിര്‍ത്താനാണ് മാനേജ്മെന്റ് ഭീഷണിയുടെ വഴി സ്വീകരിച്ചതെന്നാണ് പരാതി.
സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടികളെ ഭയന്ന് ഇതിനോടകം ഒരു ലക്ഷം രൂപ അടച്ച് ടിസി നേടിയവരും ഉണ്ടെന്ന് പരാതി ഉന്നയിക്കുന്ന രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിന്റെ നിലവാരത്തകര്‍ച്ച കാരണം തങ്ങളുടെ കുട്ടികളെ ഇനി ഇവിടെ പഠിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും, ടിസി ലഭിക്കുന്നതിനായി നിയമപരമായിത്തന്നെ നീങ്ങുമെന്നുമാണ് ഇവരുടെ പക്ഷം.
Leave a Reply