കോഴിക്കോട്: ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും നടി പ്രിയാ പി വാര്യര്‍. ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിയ്ക്ക് 41 ദിവസം വ്രതമെടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ പറഞ്ഞു. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ പ്രതികരണത്തിലാണ് പ്രിയ വാര്യരുടെ വാക്കുകള്‍. തുല്ല്യതയുടെ പ്രശ്‌നമാണെങ്കില്‍ ഇതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നും പ്രിയ വാര്യര്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നടന്‍ പൃഥ്വിരാജും സമാനമായ നിലപാട് പറഞ്ഞിരുന്നു.

‘നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടേ’ എന്നാണ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് ചോദിച്ചത്. ‘ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.’ പൃഥ്വിരാജ് വനിതയോടുള്ള അഭിമുഖത്തിൽ പറയുകയുണ്ടായി.

[ot-video][/ot-video]