ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ജനവിധി തേടുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 242 ആണ്. ആകെ സമര്‍പ്പിച്ച 303 നാമനിര്‍ദേശ പത്രികകളില്‍ 242 എണ്ണമാണ് അംഗീകരിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് വയനാട്ടിലാണ്. മണ്ഡലത്തില്‍ 22 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അപരന്‍മാരുടെ നാമനിര്‍ദേശ പത്രികകള്‍ക്ക് അംഗീകാരം ലഭിച്ചു.

വയനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ അംഗീകരിക്കപ്പെട്ടത് ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്. 21 എണ്ണം. ഏറ്റവും കുറവ് പത്തനംതിട്ട, ആലത്തൂര്‍, കോട്ടയം മണ്ഡലങ്ങളിലാണ്. മൂന്നിടത്തും ഏഴ് വീതം നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട്15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.

നാലാം തീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 19 പേര്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 73,000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818. ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്. ഭിന്നശേഷി വോട്ടര്‍മാര്‍ 1,25,189. തിരഞ്ഞെടുപ്പ് ദിവസം പൊതു അവധിയായിരിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.