സിനിമയിലെന്ന പോലെ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലും പ്രിയദർശൻ ഒരു സസ്പെൻസ് ഒളിപ്പിച്ചു വെച്ചു. എന്നാൽ മകൾ കല്യാണി അതങ്ങ് പൊളിച്ചടുക്കി കൊടുത്തു. കഴിഞ്ഞ ദിവസം പ്രിയദർശൻ ഒരു ആശംസ നേർന്നു. ആർക്കാണെന്നില്ല. “നിനക്ക് പിറന്നാള്‍ ആശംസകള്‍. നീ ആരാണെന്ന് എനിക്കും നിനക്കും മാത്രമേ അറിയൂ… ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.” ഇതായിരുന്നു ഊരും പേരും സൂചിപ്പിക്കാതെ പ്രിയൻ ഫെയ്‌സ് ബുക്കിൽ കുറിച്ചത്.
ഇതാർക്കുള്ള സന്ദേശമാണ് എന്ന ചർച്ച സോഷ്യൽ മീഡിയയിലാകെ പൊടിപൊടിക്കുമ്പോഴാണ് മകൾ കല്ല്യാണി ഇൻസ്റ്റഗ്രാമിൽ പണി പറ്റിച്ചത്. അമ്മ ലിസിക്കുള്ള പിറന്നാൾ ആശംസയായിരുന്നു അത്. “ആദ്യ ചിത്രത്തില്‍ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ഇപ്പോഴും ഇരിക്കുന്ന എന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍.
പലപ്പോഴും അമ്മയെ എന്റെ സഹോദരിയായി തെറ്റിദ്ധരിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഇന്‍സ്റ്റാഗ്രം അക്കൗണ്ട് ഇല്ല, നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശംസകള്‍ ഞാന്‍ അമ്മയ്ക്ക് കാണിച്ച് കൊടുത്തോളാം അത് അമ്മയെ വളരെയധികം സന്തോഷിപ്പിക്കും”. ഇതായിരുന്നു കല്യാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പ്രിയൻ ആശംസ നേർന്നത് ആർക്കെന്ന തിരക്കിട്ട ചർച്ചകൾക്ക് ഇതോടെ വിരാമമായി. പിരിഞ്ഞുകഴിയുന്ന ഭാര്യ ലിസിക്കുള്ള ആശംസയായിരുന്നു അതെന്ന് ആളുകൾക്ക് മനസ്സിലായത് പിന്നീടാണ്.
പിന്നെ പ്രിയന്റെ പോസ്റ്റിനു താഴെ കമന്റുകളുടെ അഭിഷേകമായിരുന്നു. ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014 ലാണ് പ്രിയനും ലിസിയും തമ്മിൽ പിരിഞ്ഞത്. ലിസി തന്റെ എല്ലാമായിരുന്നുവെന്നും ലിസിയെക്കൂടാതെ ചുറ്റും ശൂന്യതയാണെന്നും പ്രിയദര്‍ശന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതിനുശേഷമാണ് ശരിക്കും സിനിമാശൈലിയിലുള്ള പ്രിയന്റെ നിഗൂഢമായ ആശംസ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
Leave a Reply