ഉന്നതങ്ങളില്‍ പിടിപാടും ആവശ്യത്തിന് കാശുമുണ്ടെങ്കില്‍ എത്ര വലിയ കുറ്റം ചെയ്താലും എളുപ്പത്തില്‍ ഊരിപ്പോരാമെന്ന് നടി പ്രിയങ്ക . ഒരു സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷന്‍ അവളെ തൊടുന്നതും ആസ്വദിക്കുന്നതും തെറ്റാണ്. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന പ്രായത്തില്‍ അവളോട് കാമം തോന്നുക എന്ന് പറയുമ്പോള്‍ അവന് എന്തോ അസുഖമുണ്ട്. നാളെ അവനൊരു പെണ്‍കുട്ടി ഉണ്ടായാലും ആ കുട്ടിയോടും അവന് കാമം തോന്നില്ലേ. ഇവനെപോലെയുള്ളവരുടെ ആണത്തം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്, പ്രിയങ്ക പറയുന്നു.
സ്ത്രീകള്‍ക്കെതിരെ മുന്‍പും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത് കൂടിയിട്ടുണ്ട് എന്നുമാത്രം. സമൂഹത്തില്‍ വ്യക്തിബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാന്‍ പറ്റാതെ പോകുന്നതായിരിക്കാം അതിന്റെ ഒരു കാരണം. ഇവിടെ എത്ര വലിയ കുറ്റം ചെയ്താലും പിടിപാടും ആവശ്യത്തിന് കാശുമുണ്ടെങ്കില്‍ എളുപ്പത്തില്‍ ഊരിപ്പോരാം. ഉദാഹരണങ്ങള്‍ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അങ്ങനെയുള്ള വ്യക്തികളൊക്കെ നമുക്ക് മുന്നിലുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു വ്യക്തിയെ വളരെ ഈസിയായിട്ടു കടന്നാക്രമിച്ച് മാനസികമായി തകര്‍ക്കാന്‍ പറ്റും. എന്തു ക്രൂരത ചെയ്യാനും ഇത്തരക്കാര്‍ക്ക് മടിയില്ല. ക്രിമിനലുകളുടെ ഉള്ളില്‍ ഭയമില്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. കടുത്ത ശിക്ഷ കിട്ടുമെന്ന ഉള്‍ഭയം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം. മുന്‍പ് കേരളത്തിന് പുറത്തായിരുന്നു ഇതുപോലുള്ള ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. ഇന്നത് നമ്മുടെ കണ്‍മുന്നിലാണ് നടക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് സ്വന്തം സഹോദരന്റെയോ അച്ഛന്റെയോ ഒപ്പം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെ.
എത്ര വലിയ ദുരന്തം സംഭവിച്ചാലും അതിന്റെ ചൂട് കുറച്ചുനാള്‍ മാത്രം നിലനില്‍ക്കും. അതുകഴിഞ്ഞു അക്കാര്യം തന്നെ നമ്മള്‍ മറന്നുപോവുന്നു. നിയമം ഹാര്‍ഡ് ആണെങ്കില്‍ ഒരു പരിധിവരെ ഇത്തരം ക്രൂരകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റും. അച്ഛന് മകളെ തിരിച്ചറിയാന്‍ പറ്റുന്നില്ല, സഹോദരിക്ക് സഹോദരന്റെ കൂടെ പുറത്തിറങ്ങാന്‍ പറ്റുന്നില്ല. എന്തുചെയ്താലും ഇത്രയല്ലേ ഉള്ളൂ എന്നാണ് പൊതു നിലപാട്.
എല്ലാവരും മാധ്യമങ്ങളെപ്പോലെ ന്യൂസ് വാല്യൂ നോക്കി നടക്കുകയാണ്. അടുത്തടുത്ത കാര്യങ്ങള്‍ കിട്ടുമ്പോള്‍ അതിന്റെ പുറകെപ്പോകും. ഇവിടെ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? സ്ത്രീകള്‍ പ്രതികരിച്ചാല്‍ അവര്‍ ഫെമിനിസ്റ്റുകളാകും. കുടുംബത്തിലാണ് മാറ്റം വരുത്തേണ്ടത്. എന്റെ അച്ഛന്‍ എന്നെ വളര്‍ത്തിയത് സ്വതന്ത്രയായ വ്യക്തിയായിട്ടാണ്. നീ പെണ്ണിനെപ്പോലെ വളരൂ, ആണ്‍കുട്ടിയെപോലെ വളരൂ എന്നൊന്നും പറഞ്ഞിട്ടില്ല. നല്ലൊരു വ്യക്തിയായി വളരണം എന്നാണ് പറഞ്ഞത്. നമ്മെ പോലെത്തന്നെ മറ്റുള്ളവരെയും ഓരോ വ്യക്തികളായി പരിഗണിച്ച് ബഹുമാനം കൊടുക്കണം. ഇതാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചത്. സമൂഹത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കാഴ്ചപ്പാടിലാണ് മാറ്റം വരുത്തേണ്ടത്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അവളെയോ അവനെയോ ഒരു വ്യക്തിയായി വളര്‍ത്തുകയാണ് വേണ്ടത്. അല്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു പ്രതികരിച്ചതുകൊണ്ടൊന്നും കാര്യമില്ല.
മനുഷ്യനായാല്‍ കാമം ഉണ്ടാവും, പക്ഷെ അത് നിയന്ത്രിക്കാന്‍ പറ്റണം. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷന്‍ അവളെ തൊടുന്നതും ആസ്വദിക്കുന്നതും തെറ്റാണ്. അമ്മയില്‍ നിന്നല്ലേ കുഞ്ഞുണ്ടാവുന്നത്. അമ്മയെ ബഹുമാനിക്കുന്ന ഒരു പുരുഷന് ഒരിക്കലും ഇത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. അടുത്തദിവസം ഫെയ്‌സ്ബുക്കില്‍ ഒരാളുടെ പോസ്റ്റ് കണ്ടു ഞെട്ടി. അഞ്ചാം ക്ലാസ്സുകാരിയോടു കാമം തോന്നുന്നു എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരാള്‍. അയാള്‍ മാനസിക രോഗിയായിരിക്കും. കുഞ്ഞുങ്ങളെ താലോലിക്കാന്‍ തോന്നുന്ന പ്രായത്തില്‍ അവളോട് കാമം തോന്നുക എന്ന് പറയുമ്പോള്‍ അവന് എന്തോ അസുഖമുണ്ട്. നാളെ അവനൊരു പെണ്‍കുട്ടി ഉണ്ടായാലും ആ കുട്ടിയോടും അവന് കാമം തോന്നില്ലേ. ഇവനെപോലെയുള്ളവരുടെ ആണത്തം ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ഫേസ്ബുക്കില്‍ പലരും അവനുവേണ്ടി വാദിക്കുന്നത് കണ്ടു. അവനെ സപ്പോര്‍ട്ട് ചെയ്യുകയല്ല അവനെപ്പറ്റി സംസാരിക്കാന്‍ പോലും പാടില്ല.