വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച പ്രിയങ്കാ ഗാന്ധി ജനങ്ങളോട് തന്റെ നന്ദി രേഖപ്പെടുത്തിയുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ എന്നു തുടങ്ങുന്ന കുറിപ്പില്‍ തന്റെ വിജയം വയനാട്ടിലെ ജനങ്ങളോരോരുത്തരുടേയും കൂടി വിജയമാണെന്ന് പ്രിയങ്ക പറയുന്നു.

‘നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങള്‍ക്കുറപ്പിക്കാം. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ ഞാന്‍ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നല്‍കിയ സ്‌നേഹത്തിന് നന്ദിയെന്നും പ്രിയങ്ക കുറിച്ചു. തന്റെ ഈ യാത്രയില്‍ ഒപ്പമുണ്ടായ സഹപ്രവര്‍ത്തകരേയും കുടുംബത്തേയുമെല്ലാം പ്രിയങ്ക സ്മരിക്കുന്നതും കുറിപ്പില്‍ കാണാം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നിങ്ങളെന്നിലര്‍പ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നല്‍ നിങ്ങളിലുണര്‍ത്തുന്ന രീതിയിലാകും എന്റെ പ്രവര്‍ത്തനമെന്ന് ഞാനുറപ്പുതരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങള്‍ക്കുറപ്പിക്കാം. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ ഞാന്‍ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നല്‍കിയ സ്‌നേഹത്തിന് നന്ദി.

ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ നിന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവര്‍ത്തകരോടും നേതാക്കളോടും പ്രവര്‍ത്തകരോടും എന്റെ ഓഫീസിലെ സുഹൃത്തുക്കളോടും ഞാന്‍ നന്ദി പറയുന്നു. നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപൊരുതുകയായിരുന്നു നിങ്ങള്‍.

എനിക്കു നല്‍കിയ ധൈര്യത്തിനും പിന്തുണയ്ക്കും എന്റെ അമ്മയോട്, റോബര്‍ട്ടിനോട്, എന്റെ രത്‌നങ്ങളായ മക്കള്‍ റൈഹാനോടും മിരായയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ പ്രിയ സഹോദരന്‍ രാഹുല്‍, നിങ്ങളാണ് യഥാര്‍ത്ഥ ധൈര്യശാലി…നന്ദി, എല്ലായ്‌പോഴും എന്റെ വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന്.