ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂൺ ഏഴാം തീയതി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രവചന സ്വഭാവമുള്ളതായിരിക്കുന്നു. പ്രിയങ്ക പ്രിയങ്കരിയായി കേരളത്തിലേക്ക്! ഇന്ദിരയുടെ കൊച്ചുമകൾ കേരളത്തിൽ ചരിത്രം സൃഷ്ടിക്കുമോ എന്നതായിരുന്നു മലയാളം യുകെ ന്യൂസിന്റെ വാർത്തയുടെ തലക്കെട്ട്. ഇന്ന് ഇന്ത്യ മാത്രമല്ല ലോകമെങ്ങുമുള്ള പത്രങ്ങളിൽ ഈ വാർത്ത വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമ്പോൾ ഇത് മലയാളം യുകെയുടെ അഭിമാന നിമിഷമാണ്. വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച് വിജയിച്ച രാഹുൽഗാന്ധി വയനാട്ടിലെ എംപി സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെയാണ് പ്രിയങ്കയ്ക്ക് ഇവിടെ മത്സരിക്കാൻ കളം ഒരുങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് നിർണ്ണായക തീരുമാനമെടുത്തത്.

ഇത് കേരള രാഷ്ട്രീയത്തിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിൽ തന്നെ വൻ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ ഒട്ടേറെ രാഷ്ട്രീയ തമസ്യകൾക്കാണ് കോൺഗ്രസ് ഉത്തരം കണ്ടെത്തിയിരിക്കുന്നത്. പ്രിയങ്ക അല്ലാതെ വേറൊരു സ്ഥാനാർത്ഥി വയനാട്ടിൽ മത്സരത്തിന് എത്തിയിരുന്നെങ്കിൽ രാഹുൽ വയനാട്ടിലെ ജനങ്ങളെ കൈയ്യൊഴിഞ്ഞു എന്ന എതിരാളികളുടെ രാഷ്ട്രീയ പ്രചാരണത്തിന് ശക്തി പകരുമായിരുന്നു. അമേഠിയയും റായ്ബറേലിയും പോലെ സമീപഭാവിയിൽ വയനാടും ഗാന്ധി കുടുംബത്തിൻറെ സുരക്ഷിത മണ്ഡലമെന്ന പട്ടികയിൽ ദീർഘകാലം ഉണ്ടാകും എന്നതാണ് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തോടെ ഉറപ്പായിരിക്കുന്നത്.

പ്രിയങ്ക കന്നി അങ്കം വയനാട്ടിൽ കുറിച്ചത് ഇടതുപക്ഷത്തെയും ബിജെപിയെയും വെട്ടിലാക്കിയിരിക്കുകയാണ്. സ്ത്രീ വോട്ടർമാർ കൂടുതലുള്ള വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം കവിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇടതുപക്ഷവും ബിജെപിയും ആരെ സ്ഥാനാർത്ഥിയാക്കും എന്ന ആശയ കുഴപ്പത്തിലാണ്. സിപിഐയുടെ ആനി രാജയാണ് ഇവിടെ രാഹുലിനെതിരെ മത്സരിച്ചത്. ഇടതുപക്ഷം മത്സരംഗത്ത് ഉണ്ടാകുമെന്നും അല്ലെങ്കിൽ അത് ബിജെപിയെ സഹായിക്കുന്ന നിലപാട് ആയിരിക്കും എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്തുത വിഷയത്തോട് പ്രതികരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ ആയിരുന്നു രാഹുലിനെതിരെ എൻ ഡി എ സ്ഥാനാർത്ഥി. പ്രിയങ്കയ്ക്ക് എതിരെ ഒരുവട്ടം കൂടി മത്സരിക്കാൻ അദ്ദേഹം മുതിരാനുള്ള സാധ്യതയില്ല.

3.64 ലക്ഷം വോട്ടിനാണ് രാഹുൽഗാന്ധി ഇവിടെ വിജയിച്ചത്. പോൾ ചെയ്ത വോട്ടുകളിൽ 6,47,445 വോട്ടുകളാണ് രാഹുൽ നേടിയത്. ആനി രാജ 2,83,023 വോട്ടുകളും മൂന്നാം സ്ഥാനത്തു വന്ന കെ സുരേന്ദ്രൻ നേടിയത് 1,41,045 വോട്ടുകൾ മാത്രമാണ് . 2019 ലെ ലോക്സഭാ ഇലക്ഷനിൽ രാഹുൽഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 ആയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം രാഹുലിനെ കവച്ചു വയ്ക്കുമോ എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് 72.69 ശതമാനമായിരുന്നു വയനാട്ടിലെ പോളിംഗ് ശതമാനം. രണ്ടാമത് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളെ പോളിംഗ് ബൂത്തിലെത്തിക്കുക എന്നതായിരിക്കും ഇനി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളി.

ജൂലൈ 4- ന് യുകെയിൽ ഉടനീളം നടന്ന തെരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ മലയാളം യുകെ ന്യൂസ് വാർത്തയാക്കിയിരുന്നു. അതിരാവിലെ 4 മണി മുതൽ വാശിയേറിയ ചർച്ചകളും സംവാദങ്ങളും ആണ് കേരളത്തിലെയും ദേശീയതലത്തിലെയും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുകെയിലുടനീളമുള്ള മലയാളികളുടെ ഇടയിൽ നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിച്ച സാഹചര്യത്തിൽ ആര് ഇനി വയനാട് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളതായിരുന്നു. യുകെയിലെ തിരഞ്ഞെടുപ്പ് അവലോകന മലയാളി കൂട്ടായ്മകളിൽ വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി വരാനുള്ള ആഗ്രഹം ഒട്ടേറെ പേർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഗാന്ധി കുടുംബത്തോട് എപ്പോഴും വൈകാരികമായ അടുപ്പമുള്ളവരാണ് യുകെ മലയാളികൾ. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അവസരത്തിൽ രാഹുൽഗാന്ധിക്ക് താങ്ങും തണലുമായിരുന്നവരാണ് വയനാട്ടിലെ വോട്ടർമാർ. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടിടത്തും വിജയിക്കുകയാണെങ്കിൽ വയനാട് ഉപേക്ഷിക്കാനുള്ള വിമുഖത രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി മണ്ഡലം കൈയ്യൊഴിയുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തെയും തടയിടാനാവുമെന്നാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കാതിരുന്നതിന്റെയും പിന്നിലും രാഹുൽ എം.പി സ്ഥാനമൊഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കാൻ എന്ന ലക്ഷ്യം വച്ചായിരുന്നു.