ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂൺ 4-ാം തീയതി ഫലപ്രഖ്യാപനം നടന്നപ്പോൾ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി നിർണ്ണായക മാറ്റങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചത്. അതിരാവിലെ 4 മണി മുതൽ വാശിയേറിയ ചർച്ചകളും സംവാദങ്ങളും ആണ് കേരളത്തിലെയും ദേശീയതലത്തിലെയും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുകെയിലുടനീളമുള്ള മലയാളികളുടെ ഇടയിൽ നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിച്ച സാഹചര്യത്തിൽ ആര് ഇനി വയനാട് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളതായിരുന്നു.
യുകെ മലയാളികൾ ആഗ്രഹിച്ചതു പോലെ പ്രിയങ്ക ഗാന്ധി ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയങ്കരിയായി കേരളത്തിൽ മത്സരിക്കുമെന്നുള്ളത് ഏകദേശം ഉറപ്പായതായാണ് സൂചനകൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ വയനാട്ടിൽ നാമനിർദ്ദേശം സമർപ്പിക്കും. അങ്ങനെ ഇന്ദിരയുടെ കൊച്ചുമകനും കൊച്ചുമകളും കേരളത്തിൽ നിന്നുള്ള എംപിമാരായി ചരിത്രം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്.
യുകെയിലെ തിരഞ്ഞെടുപ്പ് അവലോകന മലയാളി കൂട്ടായ്മകളിൽ വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി വരാനുള്ള ആഗ്രഹം ഒട്ടേറെ പേർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഗാന്ധി കുടുംബത്തോട് എപ്പോഴും വൈകാരികമായ അടുപ്പമുള്ളവരാണ് യുകെ മലയാളികൾ. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അവസരത്തിൽ രാഹുൽഗാന്ധിക്ക് താങ്ങും തണലുമായിരുന്നവരാണ് വയനാട്ടിലെ വോട്ടർമാർ. ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടിടത്തും വിജയിക്കുകയാണെങ്കിൽ വയനാട് ഉപേക്ഷിക്കാനുള്ള വിമുഖത രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി മണ്ഡലം കൈയ്യൊഴിയുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തെയും തടയിടാനാവുമെന്നാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കാതിരുന്നതിന്റെയും പിന്നിലും രാഹുൽ എം.പി സ്ഥാനമൊഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കും എന്ന ലക്ഷ്യം വച്ചായിരുന്നു .
ഇതിനിടെ കെ . മുരളീധരൻ വയനാട്ടിൽ മത്സരിക്കും എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താണെന്നാണ് അറിയാൻ സാധിച്ചത്. ദേശീയ രാഷ്ട്രീയത്തിനു പകരം കേരളത്തിൽ സജീവമാകാനാണ് അദ്ദേഹം താത്പര്യപ്പെടുന്നത്. നേരത്തെ കെപിസിസി പ്രസിഡൻ്റായിരുന്ന കെ മുരളീധരൻ സംഘടനാതലത്തിലും മറ്റും കേരളത്തിൽ സജീവമാകുന്നത് ചിലർക്ക് ഭീഷണിയാകുമെന്ന കണക്കുകൂട്ടലുകളാണ് അദ്ദേഹത്തെ ലോക്സഭയിലേയ്ക്ക് വീണ്ടും മത്സരിപ്പിക്കാനുള്ള ചർച്ചകൾക്ക് പിന്നിലെന്ന സംസാരവും നിലവിലുണ്ട്. നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും കെ മുരളീധരനും ഒത്തുചേർന്ന ഒരു അച്ചുതണ്ട് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ രൂപപ്പെട്ടാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ ദിവസം കെ മുരളീധരന്റെ വീട്ടിലെത്തി കെപിസിസി പ്രസിഡൻറ് നടത്തിയ ചർച്ചകൾ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.
Leave a Reply