ഇന്ന് ബ്രെക്സിറ്റ് ബ്ലോക്ക്; ബ്രെക്സിറ്റ് അനുകൂല ലോറി ഡ്രൈവര്‍മാര്‍ യു.കെയിലെ പ്രധാന ഹൈവേകളില്‍ തടസം സൃഷ്ടിക്കും

ഇന്ന് ബ്രെക്സിറ്റ് ബ്ലോക്ക്; ബ്രെക്സിറ്റ് അനുകൂല ലോറി ഡ്രൈവര്‍മാര്‍ യു.കെയിലെ പ്രധാന ഹൈവേകളില്‍ തടസം സൃഷ്ടിക്കും
March 22 05:54 2019 Print This Article

ലണ്ടന്‍: ബ്രെക്‌സിറ്റ് അനിശ്ചിതാവസ്ഥ യു.കെയെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. മാര്‍ച്ച് 29ന് ബ്രെക്സിറ്റ് നടക്കില്ലെന്ന് വ്യക്തമായതോടെ ലോറി ഡ്രൈവര്‍മാരെ ഉപയോഗിച്ച് യു.കെയിലെ പ്രധാന ഹൈവേകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ബ്രെക്‌സിറ്റ് അനുകൂല സംഘടന. ബ്രെക്സിറ്റ് നടപ്പായില്ലെങ്കില്‍ അത് വഞ്ചനയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ബ്രെക്സിറ്റ് ഡയറക്ട് ആക്ഷന്‍ എന്ന ഗ്രൂപ്പാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബ്രിട്ടന്റെ പ്രധാന ഹൈവേകള്‍ എല്ലാം തന്നെ ലോറികള്‍ ഉപയോഗിച്ച് തടയാനാണ് പദ്ധതി. ബ്രെക്സിറ്റ് ഇല്ലാതാക്കാനോ തടയാനോ ശ്രമിക്കുന്നവര്‍ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഈ നടപടിയെന്ന് സംഘടന വ്യക്തമാക്കുന്നു.

ബ്രെക്സിറ്റ് മാറ്റിവെക്കണമെന്ന് കോമണ്‍സ് പ്രമേയം പാസാക്കിയതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തു. പ്രധാന ഹൈവേകളായ M1, M6 M25, M62, M1, A55, M5, M4, M42, M55, M61, A66 തുടങ്ങിവ തടയുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ലോറികള്‍ ഉപയോഗിച്ചുള്ള പ്രതിഷേധത്തിന് പിന്തുണ തേടി ഒട്ടേറെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഗ്രൂപ്പ് വ്യക്തമാക്കി. ബ്രിട്ടന്റെ ആവശ്യമനുസരിച്ച് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ നേരിട്ടുള്ള ആക്ഷനും പ്രതിഷേധവും സംഘടിപ്പിക്കുമെന്നാണ് ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ ഇതിന് അംഗീകാരം നല്‍കിയതോടെയാണ് ഇന്ന് സമരം ആരംഭിക്കാന്‍ സംഘടന തീരുമാനിച്ചിരിക്കുന്നത്.


രാജ്യമൊട്ടാകെയുള്ള ബ്രെക്സിറ്റ് അനുകൂലികള്‍ ഒരുമിക്കണമെന്നും രാജ്യത്തെ മുട്ടുകുത്തിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം സംഘടന ആഹ്വാനം. പ്രധാനപ്പെട്ട റോഡുകള്‍ തടഞ്ഞുകൊണ്ടായിരിക്കണം ശക്തി കാട്ടേണ്ടതെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ ഗ്രൂപ്പ് പറഞ്ഞു. പ്രധാന ഹൈവേകള്‍ക്ക് അടുത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ ഏതു നിമിഷവും റോഡ് തടയാന്‍ തയ്യാറായിരിക്കണമെന്ന് ഗ്രൂപ്പ് നിര്‍ദേശിക്കുന്നു. ഇതുമൂലമുണ്ടാകുന്ന നിയമ നടപടികളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും അവ ദേശീയ സംഘാടകര്‍ കൈകാര്യം ചെയ്യുമെന്നുമാണ് അറിയിപ്പ്. ഇന്ന് രാജ്യവ്യാപകമായി റോഡുകളില്‍ ഗതാഗതം നിലയ്ക്കുമെന്നാണ് കരുതുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles