സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി അനുകൂല ഫെയ്‌സ്ബുക്ക് കൂട്ടായ്മ പോരാളി ഷാജി. നേതാക്കളല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പോരാളി ഷാജി പറഞ്ഞു. തെറ്റുകള്‍ തിരുത്താനുള്ളതാണെന്നും മസില്‍ പിടിച്ച് നിന്നതുകൊണ്ട് കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗാളിലേയും ത്രിപുരയിലേയും സി.പി.എമ്മിന്റെ ചരിത്രവും ജനപ്രതിനിധികളുടെ എണ്ണവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഭൂരിഭാഗവും ഇപ്പോഴും സി.പി.എമ്മാണെന്നും എന്നിട്ടും എങ്ങനെയാണ് പാര്‍ട്ടിക്ക് വോട്ട് കുത്തനെ കുറഞ്ഞതെന്നും കൂട്ടായ്മ ചോദിച്ചു.

സി.പി.എമ്മിന് നഷ്ടപ്പെട്ട വടകര ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയാത്തതിനെ കുറിച്ചും രൂക്ഷമായ പരിഹാസം പോസ്റ്റിന്റെ കമന്റായി പോരാളി ഷാജി കുറിച്ചു. ഒരു വടകര പോയിട്ട് ഇത് വരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം എന്നായിരുന്നു കമന്റ്. നിരവധി പേര്‍ പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് ലൈക്കുകളും കമന്റുകളും ഷെയറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.