ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- തനിക്ക് ലഭിച്ച പദവി ദുരുപയോഗം ചെയ്ത് ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് 7000 പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നുകളും, ഫോണും സിറിഞ്ചുകളും മറ്റും എത്തിച്ചുകൊടുക്കാൻ ശ്രമിച്ച പ്രൊബേഷൻ ജീവനക്കാരിക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. മൂന്നുവർഷം തടവാണ് 33 കാരിയായ ആലീസ് ഗ്രഹാമിന് കോടതി വിധിച്ചിരിക്കുന്നത്. ഇവർക്ക് 28 വയസ്സ് ഉണ്ടായിരുന്നപ്പോൾ, ജയിലിലെ ജോലിക്കിടെ കുറ്റവാളിയുമായി അടുപ്പത്തിലാവുകയും, തുടർന്ന് ലൂക്കോസാഡ് കുപ്പിയിൽ കെറ്റാമൈനും കൊക്കെയ്‌നും ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എച്ച്എംപി വെൽസ്റ്റണിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതാണ് ആലീസിനെതിരെയുള്ള കുറ്റം. 2021ൽ സി കാറ്റഗറിയിലുള്ള പുരുഷന്മാരുടെ ജയിലിലേക്ക് നിരോധിത വസ്തുക്കൾ കടത്തിയ കുറ്റത്തിന് ജയിൽ ജീവനക്കാർ ആലീസിനെ പിടിക്കുമ്പോൾ അവർക്ക് എട്ടു മാസത്തെ ജോലി അനുഭവം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

2020-ൽ പ്രൊബേഷൻ വർക്കർ റോളിലേക്ക് ഇവർ യോഗ്യത നേടിയപ്പോൾ, കൈകാര്യം ചെയ്യാനായി തടവുകാരുടെ ഒരു കേസ് ലോഡ് ഇവർക്ക് നൽകിയിരുന്നതായി പ്രോസിക്യൂട്ടർ ജോനാഥാൻ ഷാർപ്പ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ സംഘടിത ക്രൈം സംഘത്തിലെ അംഗമായ ഒരു കുറ്റവാളിയുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടാവുകയും, പിന്നീട് ഈ കുറ്റകൃത്യത്തിലേക്ക് നയിക്കപ്പെടുകയും ആയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇദ്ദേഹത്തിനു ജാമ്യം ലഭിച്ചതിനുശേഷം ഒരുമിച്ചു താമസിക്കുവാനായി ആലീസ് ലിങ്കൺഷെയറിൽ ഹോട്ടലുകൾ പോലും നോക്കിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2021 മെയ് 26 ന് ആലീസ് ക്ലാസ്-എ മയക്കുമരുന്നുകൾ, സിറിഞ്ചുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയെല്ലാമാണ് കുറ്റവാളിയിലേക്ക് എത്തിക്കുവാൻ ശ്രമിച്ചത്. എന്നാൽ ജയിലിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ, സാധാരണയുള്ള പരിശോധനയിൽ തന്നെ ആലീസ് പരിഭ്രാന്തയാവുകയും, തന്റെ കോട്ടിനടിയിൽ ഒളിപ്പിച്ച സാധനങ്ങൾ ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്തു. യാതൊരുവിധ തരത്തിലുമുള്ള സമ്മർദ്ദവും ആലീസിനു മേലെ ഉണ്ടായിരുന്നില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. തന്റെ പദവി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനമാണ് ആലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് മൂന്നുവർഷത്തെ ശിക്ഷയ്ക്ക് കോടതി വിധിച്ചത്.