നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് അമ്പത് ദിവസങ്ങള്‍ പിന്നട്ടിരിക്കുന്നു. കീഴ്‌ക്കോടതികളിലും ഹൈക്കോടതിയിലുമായി ദിലീപ് നല്‍കിയ ജാമ്യാപേക്ഷകളെല്ലാം കോടതി തള്ളുകയും ചെയ്തു. ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് ദിലീപ് നായകനായി അഭിനയിക്കേണ്ടിയിരുന്ന സിനിമകളുടെ നിര്‍മാതാക്കളും സംവിധായകരുമാണ്.

ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങിക്കൊണ്ടിരുന്ന രാമലീല എന്ന ചിത്രത്തിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ദിലീപിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും. എന്നാല്‍ ചൊവ്വാഴ്ച ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചതോട് രാമലീലയും പ്രതിസന്ധിയിലായി.

ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നതിന് പിന്നാലെ ചിത്രം പുറത്തിറക്കാനുള്ള ഒരു ആലോചന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ചിത്രത്തിന്റെ റിലീസിനേക്കുറിച്ച് വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസിനേക്കുറിച്ച് ഒന്നും പറയാനാകില്ല. വൈകാതെ ചിത്രം പുറത്തിറക്കാമെന്നായിരുന്നു പ്രതീക്ഷ എങ്കിലും ഓണത്തിന് ചിത്രം റിലീസ് ചെയ്യുന്നതിനേക്കുറിച്ച് പ്ലാന്‍ ചെയ്തിരുന്നില്ലെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു

രാമലീലയുടെ റിലീസ് സംബന്ധിച്ച് ഏക പക്ഷീയമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കില്ല. സംഘടന പ്രതിനിധികളോടും ആലോചിച്ചേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കു എന്നാണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.

309 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത വിവേകം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. വിവേകത്തിന്റെ തിയറ്ററുകളില്‍ രാമലീല റിലീസ് ചെയ്യാമെന്ന് വിചാരിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കില്ല. ഓണം റിലീസുകളായി മലയാളം ചിത്രങ്ങള്‍ എത്തുന്നതോടെ ഈ തിയറ്ററുകള്‍ അവയ്ക്കായ് ഒഴിഞ്ഞ് കൊടുക്കേണ്ടി വരും.

ജൂലൈ ഏഴിന് രാമലീല തിയറ്ററില്‍ എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആ സമയത്തായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയരുന്നത്. റിലീസ് 21ലേക്ക് മാറ്റി. എന്നാല്‍ ദിലീപ് വിഷയമല്ല സാങ്കേതിക കാരണങ്ങളാണ് ഇതിന് പിന്നില്‍ എന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം ജൂലൈ 21ന് റിലീസ് ചെയ്യാം എന്ന പ്ലാനില്‍ ഇരിക്കുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ എല്ലാ പ്രതീക്ഷകളും താളം തെറ്റി. പലപ്പോഴായി ദിലീപിന്റെ ജാമ്യാപേക്ഷകള്‍ കോടതി തള്ളുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റെസ്റ്റൊറന്റുകള്‍ ആളുകള്‍ അടിച്ച് പൊളിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമ റിലീസ് ചെയ്താല്‍ പ്രേക്ഷകര്‍ അത് എങ്ങനെ സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്. പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണും എന്ന പ്രതീക്ഷയാണ് സംവിധായകന്‍ അരുണ്‍ ഗോപിക്കുള്ളത്.