തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം താഴേക്ക് കുതിക്കുന്നു. എൻജിനീയറിങ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സാേങ്കതിക സർവകലാശാല (കെ.ടി.യു) ആദ്യബാച്ച് ബി.ടെക് കോഴ്സ് ഫലത്തിൽ രണ്ടു കോളജുകൾക്ക് സമ്പൂർണ പരാജയം.
കൊല്ലം ജില്ലയിെല പിനാക്കിൾ, ഹിന്ദുസ്ഥാൻ എന്നീ കോളേജുുകളാണ് വിജയത്തിൽ ‘സംപൂജ്യ’രായവർ. ഗുണനിലവാരത്തിലെ പിറകോട്ടടി വ്യക്തമാക്കുന്നതാണ് ഫലം. സർവകലാശാലയിൽ ആദ്യ ബാച്ചിലുണ്ടായ 144 ൽ 112 കോളജുകളിലും (78 ശതമാനം കോളജുകൾ) വിജയം 40 ശതമാനത്തിന് താഴെയാണ്. ഇതിൽ മൂന്ന് സർക്കാർ, 13 സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും ഉൾപ്പെടുന്നു. ഇൗ വർഷം 56 കോളജുകളിലെ 108 ബാച്ചുകളിൽ ഒരു വിദ്യാർഥി പോലും അലോട്ട്മെൻറ് നേടിയില്ലെന്ന കണക്കുകൾക്ക് പിന്നാലെയാണ് ഗുണനിലവാരതകർച്ച കണക്കുകളും പുറത്തുവരുന്നത്.
‘സംപൂജ്യ’രായ കോളേജുകളിൽ വളരെ കുറവ് വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.ഒാേരാ സെമസ്റ്ററുകളിലും പരാജയപ്പെട്ട് ഒടുവിലെ പരീക്ഷ എത്തിയപ്പോൾ എണ്ണം തീരെ കുറയുകയായിരുന്നു. 10 സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ വിജയം 10 ശതമാനത്തിൽ താഴെയാണ്. ഇതിൽ ചില കോളജുകൾ അടച്ചുപൂട്ടുകയോ പ്രവേശനം നിർത്തിവെക്കുകയോ ചെയ്തവയാണ്. 10നും 20നും ഇടയിൽ വിജയശതമാനമുള്ള കോളജുകൾ 32. ഇതിൽ ഒരു സർക്കാർ എൻജിനീയറിങ് കോളജും ഉണ്ട്. വയനാട് ഗവ. എൻജിനീയറിങ് കോളജ് (19.18 ശതമാനം). 20നും 30നും ഇടയിൽ ശതമാനം വിജയമുള്ള കോളജുകൾ 37 ആണ്.
ഇതിൽ ഒരു സർക്കാർ കോളജും (ഗവ. എൻജി. കോളജ് ഇടുക്കി) നാല് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളും ഉൾപ്പെടുന്നു. 30നും 40നും ഇടയിൽ വിജയമുള്ള കോളജുകൾ 33 ആണ്. ഇതിൽ ഒരു സർക്കാർ കോളജും (കോഴിക്കോട് ഗവ. എൻജി. കോളജ് ) ഒമ്പത് സർക്കാർ നിയന്ത്രിത കോളജുകളും ഉൾപ്പെടുന്നു. 32 കോളജുകൾക്ക് മാത്രമാണ് 40 ശതമാനത്തിന് മുകളിൽ വിജയം നേടാനായത്. ഇതിൽ 19 എണ്ണം 50 ശതമാനത്തിന് മുകളിലാണ്. 60 ശതമാനത്തിന് മുകളിൽ വിജയം ഏഴ് കോളജുകളിൽ മാത്രമാണ്.
അഞ്ച് വർഷം മുമ്പ് 20 ശതമാനത്തിൽതാഴെ രണ്ട്; ഇന്ന് 42
2014ൽ നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം 20 ശതമാനത്തിൽ താഴെ വിജയമുള്ള എൻജിനീയറിങ് കോളജുകളുടെ എണ്ണം രണ്ടായിരുന്നു. ഇൗ വർഷം 10 ശതമാനത്തിൽ താഴെ വിജയമുള്ള കോളജുകളുടെ എണ്ണം പത്താണ്. 20 ശതമാനത്തിൽ താഴെ വിജയമുള്ളത് 42 ആയി വർധിക്കുകയാണ് ചെയ്തത്. അന്ന് വിവിധ സർവകലാശാലകൾക്ക് കീഴിലായിരുന്ന എൻജിനീയറിങ് കോളജുകളെ പിന്നീട് സാേങ്കതികസർവകലാശാല രൂപവത്കരിച്ച് അതിലേക്ക് മാറ്റുകയായിരുന്നു.
അടച്ചുപൂട്ടാൻ കോടതി പറഞ്ഞു; നടപടിയില്ലാതെ േപായി
സ്വാശ്രയ എൻജിനീയറിങ് കോളജുകളുടെ മോശം നിലവാരത്തിൽ ഏഴ് വർഷം മുമ്പ് ഹൈകോടതി ഇടെപട്ടിരുന്നു. 40 ശതമാനത്തിന് താഴെ വിജയമുള്ള കോളജുകൾ പൂട്ടണമെന്നായിരുന്നു നിരീക്ഷണം. ഗുണനിലവാരപ്രശ്നം പഠിക്കാൻ ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ് ഇലക്േട്രാണിക്സ് പ്രഫസറായ ഡോ. എൻ. വിജയകുമാർ കൺവീനറായി സമിതിയെ സർക്കാർ നിശ്ചയിച്ചു. കോളജുകളിലെ മോശം പഠനനിലവാരമുൾപ്പെടെ ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഒന്നും നടന്നില്ല.
Leave a Reply