ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നീണ്ടുനിൽക്കുന്ന കോവിഡ് മറ്റു പല ഗുരുതര രോഗങ്ങൾക്കും കാരണമാകുമെന്ന് കണ്ടെത്തൽ. കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് രോഗികളിൽ പലർക്കും മറ്റു പല രോഗങ്ങളും കണ്ടുതുടങ്ങി. ടൈപ്പ് 1 പ്രമേഹം പെട്ടെന്നു പിടിപെടുകയും അതുവഴി ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നശിക്കുകയും ചെയ്യുന്നു. ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും സാധാരണക്കാർക്കിടയിൽ പ്രചാരത്തിലുള്ള പ്രമേഹ രോഗത്തിന്റെ രണ്ട് തരങ്ങളാണ്. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ടൈപ്പ് 1 പ്രമേഹം, പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ്. ഇൻസുലിന്റെ ഉൽപ്പാദനം തകരാറിലാകുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് 1 പ്രമേഹം സാധാരണയായി കാണുന്നതെങ്കിലും പ്രായമായവരിലും ഇത് ഉണ്ടാകാറുണ്ട്.

കോവിഡ് അണുബാധ പാൻക്രിയാസിന് നേരിട്ട് നാശമുണ്ടാക്കുകയും അത് പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ലോംഗ് കോവിഡ്’ എന്ന് വിളിക്കപ്പെടുന്ന അവസ്ഥ ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. കോവിഡിന്റെ ലക്ഷണങ്ങൾ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും. പ്രാരംഭ ലക്ഷണങ്ങളുടെ തുടർച്ചയാണ് ലോംഗ് കോവിഡ്. ശ്വാസകോശത്തെ മാത്രമല്ല, തലച്ചോറിനെ വരെ അണുബാധ ബാധിച്ചേക്കാമെന്ന് ഡോക്ടർമാർ പറയുന്നു.

കോവിഡ് ഇപ്പോൾ തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെടുന്നു. ജനുവരിയിൽ, യുഎസിലെ ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പഠനത്തിന് നേതൃത്വം നൽകിയ വൈറോളജിസ്റ്റ് പ്രൊഫസർ മുകേഷ് കുമാർ പറഞ്ഞു: ‘ഇത് കൂടുതൽ ശ്വാസകോശ സംബന്ധമായ രോഗമാണെന്ന ചിന്ത മാറ്റേണ്ടതുണ്ട്. തലച്ചോറിനെ ബാധിച്ചുകഴിഞ്ഞാൽ ഇത് ശരീരത്തെ മുഴുവനായും ബാധിക്കും. കാരണം മസ്തിഷ്കം നിങ്ങളുടെ ശ്വാസകോശത്തെയും ഹൃദയത്തെയുമെല്ലാം നിയന്ത്രിക്കുന്നു.” ഫെബ്രുവരിയിൽ, ബ്രിട്ടീഷ് ഗവേഷകരുടെ ഒരു സംഘം കോവിഡ് മുക്തരായ രോഗികളുടെ ഹൃദയത്തിന് മാസങ്ങൾക്ക് ശേഷം തകരാർ സംഭവിച്ചതായി കണ്ടെത്തി. പഠനത്തിലെ കോവിഡ് രോഗികളിൽ ആർക്കും ഹൃദയാഘാതം സംഭവിച്ചിട്ടില്ലെങ്കിലും 148 പേർക്കും ഉയർന്ന ട്രോപോണിൻ അളവ് ഉണ്ടായിരുന്നു. ശരീരത്തിന്റെ മറ്റു പല അവയവങ്ങളിലേക്കും രോഗം പടർന്നുപിടിക്കുമെന്നിരിക്കെ ഇതിനെതിരെ യുക്തമായ പ്രതിവിധി തേടുകയാണ് ശാസ്ത്രലോകം.











Leave a Reply