ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പൂരി-ഹരിദ്വാര്‍ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 23 ജീവനുകളാണ് പൊലിഞ്ഞത്. 100ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല.

അപകടത്തില്‍ നിന്ന് രക്ഷപെട്ട യാത്രക്കാരെ അധികൃതര്‍ കയ്യൊഴിഞ്ഞതായി റിപ്പോർട്ട്. അപകടത്തില്‍ നിന്ന് രക്ഷപെട്ട യാത്രക്കാര്‍ക്ക് ഉത്തർപ്രദേശ് സര്‍ക്കാര്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യാത്രക്കാരില്‍ നിന്നും ബസ് ജീവനക്കാര്‍ പണം ഈടാക്കി. ഖതൗലിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തിയ ശേഷം ഇറക്കി വിട്ടുവെന്നും ബസ് ജീവനക്കാര്‍ പണം വാങ്ങിയെന്നും യാത്രക്കാര്‍ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പകരം സംവിധാനമായി ഏര്‍പ്പെടുത്തിയ ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് മറ്റ് യാത്രക്കാര്‍ ഹരിദ്വാറില്‍ എത്തിയത്. ഉത്തര്‍പ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളിലാണ് യാത്രക്കാര്‍ക്ക് പകരം യാത്രാ സംവിധാനം ഏര്‍പ്പാട് ചെയ്തിരുന്നത്. തികച്ചും സൗജന്യമായാണ് യാത്രയെന്ന് യുപിഎസ്ആര്‍ടിസി എംഡി ഗുരു പ്രസാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. തങ്ങളില്‍ നിന്നും ബസ് ജീവനക്കാര്‍ പണം വാങ്ങിയെന്നാണ് യാത്രക്കാരുടെ വെളിപ്പെടുത്തല്‍.

എല്ലാ യാത്രക്കാരുടെ കയ്യിലും ട്രെയിന്‍ ടിക്കറ്റ് ഉണ്ടായിരുന്നു. അത് കാണിച്ചിട്ടും ബസ് ജീവനക്കാര്‍ പണം വാങ്ങി. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യാത്രക്കാര്‍ പറഞ്ഞു. ഓരോ യാത്രക്കാരില്‍ നിന്നും 125 രൂപയാണ് ബസ് ജീവനക്കാര്‍ ഈടാക്കിയത്. ഇതില്‍ അപകടത്തില്‍ നിസാര പരുക്ക് പറ്റിയവരും ഉണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെയാണ് തീവണ്ടിയപകടത്തില്‍ നിന്നും തങ്ങളെ രക്ഷിച്ച മുസ്ലിം സഹോദരങ്ങളോട് നന്ദിയറിയിച്ച് മധ്യപ്രദേശിലെ ഒരു സന്യാസി സംഘം രംഗത്തെത്തിയത്. പ്രദേശവാസികളായ മുസ്‌ലിംകളുടെ സമയോചിത ഇടപെടല്‍ മൂലമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. അവര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ തങ്ങള്‍ മരിച്ചുപോകുമായിരുന്നുവെന്ന് പരുക്കേറ്റ സന്ന്യാസിമാര്‍ പറയുന്നു.

“എന്റെ തല മുമ്പിലെ സീറ്റിന് ശക്തമായി ഇടിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ശക്തമായ ഇടിയില്‍ ഞാന്‍ തെറിച്ചു വീണു. വേദന കൊണ്ട് പുളഞ്ഞു നില്‍ക്കുമ്പോള്‍ നാല് ഭാഗത്ത് നിന്നും നിലവിളികള്‍ കേട്ടു. അപ്പോഴാണ് അവിടെ താമസിച്ചിരുന്ന മുസ്‌ലിം സഹോദരങ്ങള്‍ ഓടിയെത്തിയത്. അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെടുമായിരുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും വിശ്രമിക്കാന്‍ കട്ടിലുകളും നല്‍കി. ഞങ്ങളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെയും എത്തിച്ചു തന്നു.’ സന്യാസി സംഘത്തിലെ ഭഗ്‌വാന്‍ദാസ് മഹാരാജ് പറഞ്ഞു.

മുസ്ലിംങ്ങളും ഹിന്ദുക്കളും തമ്മില്‍ യാതൊരു പ്രശ്നവും ഇല്ലെന്നും സ്നേഹം മാത്രമാണ് നിലവിലുളളതെന്നും ചിലരാണ് എല്ലാം രാഷ്ട്രീയവത്കരിക്കുന്നതെന്നും സംഭവത്തില്‍ മറ്റൊരു സന്ന്യാസി പ്രതികരിച്ചു. ശനിയാഴ്ച്ച വൈകിട്ട് 5.45ഓടെയാണ് അപകടം നടന്നത്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. അന്വേഷണം പ്രഖ്യാപിച്ചതായി റെയില്‍വെ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് 3.5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നിസാര പരുക്കുളളവര്‍ക്ക് 25,000 രൂപയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.