ഞായറാഴ്ച വൈകിട്ടാണ് കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ (68) ബെംഗളൂരുവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലുള്ള വസതിയിലായിരുന്നു മൃതദേഹം കണ്ടത്. കൊലപാതക സമയത്ത് ഭാര്യ പല്ലവിയും മകള്‍ കൃതിയും മറ്റൊരു കുടുംബാംഗവും വീട്ടിലുണ്ടായിരുന്നു. പല്ലവി തന്റെ സുഹൃത്തായ, സംസ്ഥാനത്തെ മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയോട് വീഡിയോ കോള്‍ ചെയ്ത് ‘ആ പിശാചിനെ താന്‍ കൊന്നു’വെന്ന് പറഞ്ഞതായി പോലീസുദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
കൊലപാതകത്തിനു പിന്നില്‍ സ്വത്തുതര്‍ക്കം കാരണമായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഓം പ്രകാശ് തന്റെ പേരിലുള്ള സ്വത്ത് ബന്ധുവിന് കൈമാറിയിരുന്നു. ഈ വിഷയത്തില്‍ ഞായറാഴ്ച വൈകീട്ട് ദമ്പതികള്‍ തമ്മില്‍ വഴക്കിടുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് വിവരം. നെഞ്ചിനും വയറിനും കൈക്കുമായി പത്തോളം കുത്തുകളേറ്റിട്ടുണ്ട്. വയറില്‍ത്തന്നെ നാലോ അഞ്ചോ തവണ കുത്തേറ്റു. ഇത് രക്തസ്രാവത്തിന് കാരണമായി. മൃതദേഹം കണ്ടെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഭര്‍ത്താവ് കണ്മുന്നില് പിടഞ്ഞുമരിക്കുന്നത് പത്തുമിനിറ്റോളം പല്ലവി കസേരയില്‍ നിശ്ശബ്ദയായി നോക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം ഓം പ്രകാശിന്റെ മുഖം തുണികൊണ്ട് മൂടിയിരുന്നതായാണ് റിപ്പോർട്ട്.
അതേസമയം, പല്ലവി മാനസികാരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നതായി മകന് കാര്‍ത്തിക് പറയുന്നു. കഴിഞ്ഞ 12 വര്‍ഷമായി സ്കീസോഫ്രീനിയ എന്ന ഗുരുതരമായ മാനസികരോഗത്തോട് പോരാടുകയാണ്. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അച്ഛനും അമ്മയും തമ്മിൽ നിരവധി തവണ വഴക്കുണ്ടായിരുന്നു. പലതവണ അമ്മയ്ക്കുനേരെ തോക്കുചൂണ്ടിയിരുന്നതായും മകന് അറിയിച്ചു. ഭര്‍ത്താവ് തന്നെയും മകളെയും പീഡിപ്പിക്കുന്നുവെന്നും വീട്ടില്‍ തോക്കുമായി നടക്കുന്നുവെന്നും അറിയിച്ച് മൂന്നുദിവസം മുന്‍പ് ഐപിഎസ് കുടുംബ വാട്സാപ്പ് കൂട്ടായ്മയില്‍ പല്ലവി ആശങ്കയറിയിച്ചിരുന്നു. മകന് കാര്‍ത്തിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പല്ലവിക്കും കൃതിക്കുമെതിരേ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.
കൊലപാതക വിവരം മകന് അറിയിച്ചതനുസരിച്ച് പോലീസ് വീട്ടിലെത്തിയപ്പോള്‍ പല്ലവി വീട് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അരമണിക്കൂറോളം നേരം വാതില്‍ തുറന്നുനല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മുതിര്‍ന്ന പോലീസെത്തിയാണ് വാതില്‍ തുറപ്പിച്ച് അകത്തുകയറിയത്. ഡൈനിങ് ടേബിളില്‍ ഭക്ഷണപ്ലേറ്റുകള് തൊടാതെ കിടപ്പുണ്ടായിരുന്നു.
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മുതല്‍ രണ്ടുവര്‍ഷം ഡിജിപിയായി സേവനമനുഷ്ഠിച്ചു. ശിവമോഗ, ഉത്തര കന്നഡ, ചിക്കമഗളൂരു തുടങ്ങിയ ജില്ലകളില്‍ പോലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. ബിഹാര്‍ സ്വദേശിയാണ്.
Leave a Reply