സർക്കാരിന്റേയും പോലീസിന്റേയും നിർദേശങ്ങൾ ലംഘിച്ച് വിദേശത്ത് നിന്നെത്തിയ വിനോദസഞ്ചാരികൾ കോവളത്തെ കടലിൽ കുളിക്കാനിറങ്ങി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പാണ് വിദേശികൾ തീരത്തേക്ക് വന്നത്.

നേരത്തെ തന്നെ, ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലിൽ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാൻ അധികൃതർ നിർദേശിച്ചിരുന്നു.എന്നിട്ടും ഇത് ലംഘിച്ചാണ് വിദേശികൾ കോവളം ബീച്ചിലേക്ക് കൂട്ടത്തോടെ എത്തിയത്. സംഭവത്തിൽ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന.

ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പ് കടലിൽ കുളിക്കാനാകുമെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞതായാണ് വിവരം. ദൃശ്യങ്ങൾ വന്നശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.