ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജിപികളുടെ ജോലിഭാരം ലഘൂകരിക്കാനായി കുട്ടികളെ സ്വയമായി ചികിത്സിക്കാൻ പഠിപ്പിക്കണമെന്ന വാദവുമായി എൻ എച്ച് എസ് മേധാവികൾ. വീട്ടിലിരുന്ന് തന്നെ ചികിത്സിക്കാവുന്ന രോഗങ്ങൾക്ക് പോലും ആളുകൾ കുടുംബ ഡോക്ടർമാരെ ആശ്രയിക്കുന്നത് കാരണം സമ്മർദ്ദം വർധിക്കുകയാണെന്ന് എൻ എച്ച് എസ് പറയുന്നു. അനാവശ്യമായ ജിപി സന്ദർശനങ്ങൾ തടയാനായി ഒൻപത് ശുപാർശകളാണ് അവർ മുന്നോട്ട് വച്ചിരിക്കുന്നത്. ഛർദ്ദി, പരിക്ക് തുടങ്ങിയവ സ്വയമായി ചികിത്സിക്കാൻ 5 വയസ്സിന് താഴെയുള്ള കുട്ടികളെ പഠിപ്പിക്കണമെന്ന് അതിൽ പറയുന്നുണ്ട്. ഈയൊരു നിർദേശത്തിൽ സംശയം നിലനിൽക്കുന്നുവെന്ന് മാത്രമല്ല, എപ്രകാരം പ്രയോഗത്തിൽ വരുത്തണമെന്ന ആശങ്കയും ഉണ്ടായിട്ടുണ്ട്.

സ്വയം പരിചരണ സാങ്കേതികതകളെക്കുറിച്ച് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. എൻഎച്ച്എസ് ക്ലിനിക്കൽ കമ്മീഷൻ, റോയൽ കോളേജ് ഓഫ് നഴ്സിംഗ്, റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി എന്നിവർ ചേർന്നാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. ജിപികളുടെ ജോലിഭാരം കുറയ്ക്കണമെന്നും അതിലൂടെ അവരുടെ സമയം ലാഭിച്ച് സമ്മർദ്ദം കുറയ്ക്കേണ്ടത് പ്രധാനമാണെന്നും എൻ എച്ച് എസ് ചൂണ്ടിക്കാട്ടുന്നു. സർക്കാരും ജിപികളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിനിടയിലാണ് ഇത്തരമൊരു റിപ്പോർട്ട്‌ പുറത്തിറങ്ങുന്നത്.

രോഗികളുമായി നേരിട്ടുള്ള അപ്പോയിന്റ്മെന്റുകൾ പരമാവധി വർധിപ്പിക്കണമെന്ന് ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടുക്കഴിഞ്ഞു. ഫോണിലൂടെ ഉൾപ്പെടെയുള്ള അപ്പോയിന്റ്മെന്റ് സംവിധാനങ്ങൾ പരിഷ്കരിച്ച് രോഗികൾക്ക് എളുപ്പത്തിൽ ജിപിയുമായി ബന്ധപ്പെടാൻ സാഹചര്യം ഒരുക്കണം. പുതിയ മാറ്റങ്ങൾക്കായി 250 മില്യൺ പൗണ്ടിന്റെ വിന്റർ പാക്കേജാണ് ആരോഗ്യ സെക്രട്ടറി മുന്നോട്ടു വയ്ക്കുന്നത്. തുച്ഛമായ വിന്റർ പാക്കേജ് അപര്യാപ്തമാണെന്നും ജിപികൾക്കായുള്ള പുതിയ സർക്കാർ പദ്ധതി അംഗീകരിക്കാനാവില്ലെന്നുമാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞത്. സർക്കാർ മാർഗനിർദേശങ്ങൾ അവഗണിക്കാൻ നൂറുകണക്കിന് ജിപികളാണ് ആവശ്യപ്പെട്ടത്.