എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. ഇങ്ങനെ വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. കൂടാതെ, ഇത് ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിർദേശത്തെക്കുറിച്ച് കുറിപ്പ് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശുപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്‌പാദനം പ്രോത്സാഹിപ്പിക്കും.

കയറ്റുമതിക്കും ചില്ലറ വിൽപ്പനവിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമിക്കാൻ ഉപയോഗിക്കുന്ന മദ്യഉത്‌പന്നങ്ങൾക്കും പ്രോത്സാഹനം നൽകും. കയറ്റുമതിക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ, അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്.

നികുതിവരുമാനം കൂട്ടാൻ നിശ്ചിതയെണ്ണം ചില്ലറ മദ്യവിൽപ്പനശാലകളുടെ നടത്തിപ്പ് ലേലംചെയ്യാനുള്ള സാധ്യതയും പരിശോധിക്കും.

മറ്റു നിർദേശങ്ങൾ

* വ്യവസായസ്ഥാപനങ്ങൾ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഇൻസെന്റീവ് ഏർപ്പെടുത്തുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

* തേയില, കാപ്പി തുടങ്ങിയ വിളകളുടെ ഉത്‌പാദനക്ഷമത ഉയർത്താൻ ശാസ്ത്രീയപഠനം

* പൊതുമേഖലാസ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി ഫലപ്രദമായ പദ്ധതികൾക്ക് ഉപയോഗിക്കുക

* കൂടുതൽ വ്യവസായശാലകൾക്ക് ഇടമൊരുക്കാൻ വ്യവസായ എസ്‌റ്റേറ്റുകളിൽ ബഹുനിലസൗകര്യമൊരുക്കുക

* വിവിധവകുപ്പുകളുടെ കീഴിൽ സമാന ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സൊസൈറ്റികളെയും ലയിപ്പിക്കുക

* നികുതിചോർച്ച തടയാൻ എല്ലാ സ്വർണാഭരണങ്ങൾക്കും ഹാൾമാർക്ക് ഐ.ഡി. ഉറപ്പാക്കുക

* വനഭൂമിയുടെ പാട്ടനിരക്ക് ഉയർത്തുക

* കാരുണ്യപദ്ധതിയിലൂടെയുള്ള ആനുകൂല്യം ലഭിക്കാൻ ചില ചികിത്സകളും ശസ്ത്രക്രിയയും സർക്കാർ ആശുപത്രികളിൽതന്നെ ചെയ്യണമെന്ന നിബന്ധന ഏർപ്പെടുത്തുക.