ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ച കെയർ സ്റ്റാർമാർ സർക്കാരിൻറെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ധവളപത്രം പുറത്തുവന്നു. കഴിഞ്ഞ രണ്ടുദിവസമായി മലയാളികൾ ഒത്തുചേരുന്നിടത്തെല്ലാം പ്രധാന ചർച്ചാവിഷയം ലേബർ സർക്കാർ പുറത്തുവിട്ട കുടിയേറ്റ നയമായിരുന്നു. ഒട്ടേറെ തെറ്റിദ്ധാരണപരമായ കാര്യങ്ങളാണ് ഇതിനോട് അനുബന്ധിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളി സമൂഹത്തെ പൊതുവായി ബാധിക്കുന്ന വിഷയം എന്ന നിലയിൽ വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളും ഈ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം ഉണ്ടായി കൊണ്ടിരിക്കുകയാണ്.
സർക്കാർ പുറത്തിറക്കിയത് കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മാത്രമാണെന്നും ഈ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് നിയമമായി മാറ്റപ്പെടണമെന്നുള്ള കാര്യം ആണ് പ്രധാനമായും ഏവരും വിസ്മരിക്കുന്നത് . പുതിയ നയം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നുകൂടി ധവള പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുകെ മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ ആണ് ജോലി ചെയ്യുന്നത്. എൻഎച്ച്എസിലും സ്വകാര്യ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്നവരെ പുതിയ നയങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത കൂടുതൽ എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന തദ്ദേശീയരായ ജീവനക്കാരുടെ എണ്ണത്തിലെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
തദേശീയരായ ഉദ്യോഗാർത്ഥികൾക്ക് പരമാവധി ജോലി ലഭിക്കുന്നതിന് വഴിയൊരുക്കുന്നതിലൂടെ കുടിയേറ്റം കുറയ്ക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യമേഖലയിൽ മിക്ക ജോലികളിലും വിദഗ്ധരായ തദ്ദേശീയരുടെ അഭാവം മൂലം ഈ നയം നടപ്പിലാക്കുന്നത് സർക്കാരിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കും.
യുകെയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന അവിദഗ്ധ തൊഴിലാളികൾക്കും കെയർ വർക്കർമാർക്കും വിദ്യാർത്ഥികൾക്കും ധവള പത്രത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ തിരിച്ചടിയാകും. പക്ഷേ ധവള പത്രത്തിലെ നിർദ്ദേശങ്ങൾ വരുന്നതിനു മുൻപ് തന്നെ മേൽപറഞ്ഞ മേഖലയിൽ നിന്നുള്ള മലയാളികളുടെ എണ്ണം നാൾക്കു നാൾ കുറഞ്ഞു വരുകയാണ്.
പി ആർ ലഭിക്കുന്നതിനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് പത്ത് വർഷം ആക്കാനുള്ള നിർദ്ദേശം എൻഎച്ച്എസ് ജീവനക്കാർക്ക് നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എൻ എച്ച് എസിലെ ജോലിയുടെ ആകർഷണീയത കുറയ്ക്കുന്നതിലൂടെ കൂടുതൽ പേർ മറ്റ് രാജ്യങ്ങളിൽ കുടിയേറുന്ന പ്രവണത ഇപ്പോൾ തന്നെയുണ്ട്. അതുകൊണ്ട് തന്നെ ധവള പത്രത്തിലെ പൊതുവായ നിർദ്ദേശങ്ങളിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കും എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.
Leave a Reply