കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയെന്ന ഒറ്റവരി വിധി പ്രസ്താവത്തിന് എതിരെ പ്രോസിക്യൂഷൻ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്നും വെറുതെ വിട്ട കോടതി വിധി അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം മുൻ എസ്പി ഹരിശങ്കർ പ്രതികരിച്ചു.

ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും അറിയിച്ചു.

കൃത്യമായ മെഡിക്കൽ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ല. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും കോട്ടയം മുൻ എസ്പി പ്രതികരിച്ചു.

കേസിൽ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നൽകിയ ആളുകൾക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനിൽപ്പിനേയും വിധി ബാധിക്കും. എത്ര ഉന്നതൻ പ്രതിയാകുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ട് വന്നാൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നൽകാവുന്ന കേസിൽ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേസ് ഇവിടെ അവസാനിപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തീർച്ചയായും അപ്പീല് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാനെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ദൈവത്തിന് സ്തുതി പറഞ്ഞാണ് സഹോദരങ്ങളായ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം മടങ്ങിയത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.