ലണ്ടന്‍: രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ റെഡ് ലൈറ്റ് മേഖലകളില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുളള സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആക്രമണങ്ങളില്‍ നിന്നും അറസ്റ്റില്‍ നിന്നും ഇവര്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ 80,000 ലൈംഗികത്തൊഴിലാളികള്‍ക്കും അവരുടെ ഇടപാടുകാര്‍ക്കും സ്വതന്ത്രമായി ഇടപെടാന്‍ പ്രത്യേകമേഖലകള്‍ വേണമെന്ന ആവശ്യവുമുണ്ട്. ലീഡ്‌സില്‍ ഇത്തരമൊരു സ്ഥിരം മേഖല കഴിഞ്ഞാഴ്ച നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശക്തമായിരിക്കുന്നത്. ലീഡ്‌സിലെ ഈ മേഖലയില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴ് വരെ ലൈംഗികത്തൊഴിലാളികള്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.
തങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇപ്പോള്‍ കൂടുതല്‍ ലൈംഗിത്തൊഴിലാളികള്‍ ലീഡ്‌സില്‍ മുന്നോട്ട് വരുന്നുണ്ട്. പൊലീസുകാരില്‍ നിന്ന് കൂടുതല്‍ സഹിഷ്ണുതയോടുളള സമീപനമാണിതിന് ഇവരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പരാതികള്‍ 2015-16ല്‍ നൂറ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. നാഷണല്‍ അഗ്ലി മഗ്‌സിന്റെ കണക്കുകളാണിത്. ലൈംഗികത്തൊഴിലാളികള്‍ക്കെതിരെയുളള ആക്രമണം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
ലീഡ്‌സില്‍ കാര്യങ്ങള്‍ ഏറെ ഭേദപ്പെട്ടതായും അഗ്ലി മഗ്‌സ് പറയുന്നു. തങ്ങള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്ന കണ്ടാല്‍ ഇവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. തെരുവിലെ സ്ത്രീകള്‍ക്ക് രാജ്യത്ത് മറ്റിടങ്ങളിലും സമാനമായ സുരക്ഷിതത്വം ഒരുക്കാനാണ് പൊലീസിന്റെ നീക്കം.
2014ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ദിവസവും ഒരു ലൈംഗിക തൊഴിലാളിയെങ്കിലും ബലാല്‍സംഗം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ലണ്ടനാണ് ഇത്തരം സംഭവങ്ങല്‍ മുന്നില്‍. ആഴ്ചയില്‍ രണ്ടിലേറെ ഇത്തരം സംഭവം ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് നിയന്ത്രിക്കാനായി ലണ്ടനിലും ബ്രാഡ്‌ഫോര്‍ഡിലും ന്യൂപോര്‍ട്ടിലും ഇത്തരം പദ്ധതി ആവിഷ്‌ക്കരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
ഇക്കാര്യം ഓരോ പൊലീസ് സേനയുമാണ് തീരുമാനിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ലണ്ടന്‍ മേയറുടെ പരിഗണനയ്ക്ക് ഈ വിഷയം വിടാന്‍ ആലോചിക്കുന്നതായി കണ്‍സര്‍വേറ്റീവ് ലണ്ടന്‍ അസംബ്ലി മെമ്പര്‍ ആന്‍ഡ്രൂ ബോഫ് പറഞ്ഞു. ലീഡ്‌സിലെ പദ്ധതി വന്‍ വിജയമാണ്. ഇത്തരം സോണുകള്‍ ലണ്ടനിലും വേണം. ലണ്ടനിലെ ലൈംഗിത്തൊഴിലാളികള്‍ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ്. ഇത് നേരിടാന്‍ ഇത്തരം പദ്ധതികള്‍ സഹായകമാകും.
ന്യൂപോര്‍ട്ടിലും ലൈംഗിക വ്യാപാരത്തെ നിയന്ത്രിക്കാനുളള പദ്ധതികളെക്കുറിച്ച് ഗ്വെന്റ് പൊലീസ് ആലോചിച്ചിരുന്നു. ഇവിടെ പതിനാല് വയസുളള പെണ്‍കുട്ടികള്‍ രണ്ട് പൗണ്ടിന് ലൈംഗികത വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലായിരുന്നു ഇക്കാര്യം പരിഗണിച്ചത്. ലീഡ്‌സിലെ പദ്ധതിയുടെ വിജയം പരിശോധിച്ച ഷേം കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ ഒരു തീരുമാനമെടുക്കൂ. എന്നാല്‍ ലീഡ്‌സിലെ പ്രോസ്റ്റിറ്റിയൂട്ട് സോണും ചില ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 21കാരിയായ ഡാരിയ പോയിന്‍കോ എന്ന ലൈംഗികത്തൊഴിലാളിയെ മാരകമായ മുറിവുകളുടെ കണ്ടെത്തുകയും പിന്നീട് അവര്‍ മരിക്കുകയും ചെയ്തതോടെയാണ് ഇത്തരം സോണുകളെക്കുറിച്ചും ആശങ്ക ഉയരുന്നത്.