കെ വി തോമസിനെതിരെ പ്രതിഷേധവുമായി ജന്മനാടായ കുമ്പളങ്ങിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കെ വി തോമസിന്റെ പ്രതീകാത്മക ശവമഞ്ചവുമേന്തി കുമ്പളങ്ങി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഘോഷയാത്ര നടത്തി. കെ വി തോമസിന്റെ ചിത്രം പതിപ്പിച്ച കോലത്തില്‍ ചെരുപ്പുമാല അണിയിച്ചായിരുന്നു മാര്‍ച്ച്. ‘തിരുത തോമാ, യൂദാസേ, വെളിയില്‍ ഞങ്ങളിറക്കില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുണ്ടായിട്ടും കണ്ണൂരില്‍ സിപിഐഎം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ എഐസിസി ആവശ്യപ്പെട്ടു.

അതേസമയം, തനിക്ക് കാരണം ബോധിപ്പിക്കാന്‍ 48 മണിക്കൂര്‍ മതിയെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കും. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പ്രത്യേക അജണ്ടയുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.