ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹിത് ജീവനൊടുക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥി പ്രതിഷേത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹൈദരാബാദ് സര്‍വകാലാശാലയിലെത്തി. ദളിത് വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള സാമൂഹ്യ ബഹിഷ്‌ക്കരണത്തിനും അനീതിക്കുമെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭമെന്ന് അദ്ദേഹം പറഞ്ഞു. സമരപന്തലില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരുമായി അദ്ദേഹം കാര്യങ്ങള്‍ അന്വേഷിച്ചു.
ഞാനിവിടെ വന്നത് രോഹിതിന് വേണ്ടിയാണെന്നും രോഹിത് ഒറ്റയ്ക്കല്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും പ്രതിഷേധം നടക്കുന്നുണ്ട്. രോഹിതിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ വിസിയും കേന്ദ്രമന്ത്രിയുമാണ്. രോഹിതിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണം. രോഹിതിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. സാമ്പത്തികമായി മാത്രമല്ല സ്വാഭിമാനവും ജോലിയും രോഹിത് അവന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയ സുരക്ഷിത ഭാവിയും നല്‍കണം.

ഒരു രാഷ്ട്രീയക്കാരനായല്ല. മറിച്ച് യുവാവായ വ്യക്തിയെന്ന നിലയ്ക്കാണ് ഇവിടെ വന്നത്. ഓരോരുത്തര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. മത-ജാതിഭേദമന്യേ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. രോഹിതിന്റെ കുടുംബത്തിനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രോഹിതിന്റെ മാതാപിതാക്കളെ അദ്ദേഹം സന്ദര്‍ശിച്ചു.

രോഹിതിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് യൂണിവേഴിസ്റ്റിയിലും രാജ്യത്തെ മറ്റു സര്‍വകലാശാലകളിലും പ്രതിഷേധം കത്തുകയാണ്. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയ്‌ക്കെതിരെയും സര്‍വകലാശാല വിസിക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.

രോഹിതിന്റെ മരണത്തില്‍ ആരോപണ വിധേയനായ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ വസതിക്ക് മുന്നില്‍ ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പ്രക്ഷോഭകരെ പൊലീസ് ബലമായി നീക്കി. അതിനിടെ രോഹിതിന്റെ മൃതദേഹം പൊലീസ് രഹസ്യമായി സംസ്‌ക്കരിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

അതിനിടെ, രോഹിതിന്റെ ആത്മഹത്യയോടെ പ്രശ്‌നത്തിന് ദേശീയമാനം കൈവന്നു. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രോഹിതിന്റേത് കൊലപാതകമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇത് ആത്മഹത്യയല്ല. കൊലപാതകമാണ്. ജനാധിപത്യത്തിന്റെയും സാമൂഹ്യ നീതിയുടേയും തുല്യതയുടെയും കൊലപാതകം. മന്ത്രിയെ പുറത്താക്കി മോഡി ഇതില്‍ മാപ്പു പറയണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ദളിതരുടെ ഉന്നമനം കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാപരമായ ചുതലയാണ്. അതിന് പകരം മോഡിയുടെ മന്ത്രി അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കുകയാണ് ചെയ്തത്. അദ്ദേഹം കുറ്റപ്പെടുത്തി.

rohitvemula

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദളിത് വിരുദ്ധ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നതെന്നും രോഹിതിന്റെ മരണത്തിന് കാരണക്കാരനായ മന്ത്രി ബന്ദാരു ദത്താത്രേയ രാജിവെക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പിസി ചാക്കോ ആവശ്യപ്പെട്ടു.

ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയയ്ക്കും സര്‍വകലാശാല വിസി അപ്പറാവുവിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രോഹിതടക്കമുള്ള എഎസ്എ പ്രവര്‍ത്തകര്‍ക്കെതിരെ എബിവിപിയും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും ദേശവിരുദ്ധതയടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും നടപടി എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. വി.സിയുടെ കീഴില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആരോപണങ്ങള്‍ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് എം.പിയും തൊഴില്‍ മന്ത്രിയുമായ ബന്ദാരു ദത്തത്രേയ രംഗത്തുവരികയായിരുന്നു. എഎസ്എ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളും ദേശദ്രോഹികളുമാണെന്ന് ആരോപിച്ച് ഇദ്ദേഹം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തയക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തവരാണ് വിദ്യാര്‍ത്ഥികളെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് യാക്കൂബ് മേമന്‍ കേസില്‍ എ.എസ്.എ വിദ്യാര്‍ഥികള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ വി.സിയെ സമീപിച്ചു. ഇക്കാര്യത്തില്‍ യാതൊരു വിശദീകരണം തേടാതെ വി.സി ദളിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കാുകയായിരുന്നു.

Rohith-Vemula

മൃതദേഹം രഹസ്യമായി സംസ്‌ക്കരിച്ചു?

അതിനിടെ, രോഹിതിന്റെ മൃതദേഹം പൊലീസ് അതീവ രഹസ്യമായി സംസ്‌ക്കരിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉപ്പലില്‍ വെച്ച് സംസ്‌ക്കരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉപ്പലില്‍ പോയെങ്കിലും പൊലീസ് അവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രെ. പൊലീസ് അതീവ രഹസ്യമായി അംബര്‍പേട്ടിലെ ശ്മശാനത്തില്‍ രോഹിതിന്റെ മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു. അംബര്‍പേട്ടിലെ ശ്മശാന ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും സഹപാഠികള്‍ പറയുന്നു.