ക്യാന്‍സര്‍ ചികിത്സയില്‍ ഏറ്റവും ആധുനികമെന്ന് വിശേഷിപ്പിക്കാവുന്ന പ്രോട്ടോണ്‍ ബീം തെറാപ്പി നല്‍കുന്ന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന വാഗ്ദാനം പാലിക്കാതെ സര്‍ക്കാര്‍. ആയിരക്കണക്കിന് ക്യാന്‍സര്‍ രോഗികളായ കുട്ടികളാണ് ഇതുമൂലം കഷ്ടത അനുഭവിക്കുന്നത്. ലണ്ടനിലും മാഞ്ചസ്റ്ററിലും സ്ഥാപിക്കുന്ന രണ്ട് കേന്ദ്രങ്ങളില്‍ 2018ഓടെ 1500 പേര്‍ക്ക് പ്രതിവര്‍ഷം ചികിത്സ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഇതേവരെ ഒരു രോഗിയെ പോലും ഈ സങ്കേതം ഉപയോഗിച്ച് ചികിത്സിച്ചിട്ടില്ലെന്ന് എന്‍എച്ച്എസ് സമ്മതിക്കുന്നു. ദി ക്രിസ്റ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ സെന്റര്‍ ഉദ്ഘാടനത്തിന് രണ്ട് തിയതികള്‍ പ്രഖ്യാപിച്ചിട്ടും മാറ്റിവെക്കപ്പെട്ടു. ഇതോടെ ഈ കേന്ദ്രങ്ങളുടെ കാര്യത്തില്‍ സുതാര്യത വേണമെന്ന ആവശ്യവുമായി മുന്‍നിര ഓങ്കോളജിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിദേശത്ത് ചികിത്സ തേടാന്‍ പണമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്ന ആയിരത്തിലേറെ രോഗികളുടെ ആശാകേന്ദ്രമാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ താമസിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റില്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ കേന്ദ്രം 2020ഓടെ മാത്രമേ പ്രവര്‍ത്തന സജ്ജമാകൂ എന്നാണ് വിവരം. റേഡിയോതെറാപ്പിയിലെ പുതിയ സങ്കേതമായ പ്രോട്ടോണ്‍ ബീം തെറാപ്പിയില്‍ (പിബിറ്റി) ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള പ്രോട്ടോണ്‍ ബീം ആണ് ഉപയോഗിക്കുന്നത്. ഇത് ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കില്ല എന്നതിനാല്‍ കുട്ടികളുടെ ചികിത്സയില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. സാധാരണ ക്യാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളിലുണ്ടാകുന്ന കേള്‍വിത്തകരാറുകള്‍, ഐക്യു നഷ്ടമാകല്‍ എന്നിവ ഈ ചികിത്സയില്‍ സംഭവിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2014ലാണ് ഈ സങ്കേതം ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ആഷ്യ കിംഗ് എന്ന അഞ്ചു വയസുള്ള ക്യാന്‍സര്‍ രോഗിയായ കുട്ടിയെ മാതാപിതാക്കള്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നിന്ന് അനുവാദമില്ലാതെ വിദേശത്തേക്ക് പ്രോട്ടോണ്‍ ബീം തെറാപ്പിക്കായി കൊണ്ടുപോയി. കീമോതെറാപ്പിക്ക വിധേയനാകാനിരുന്ന കുട്ടിയെയാണ് വിദേശത്തേക്ക് മാറ്റിയത്. സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ ലഭിച്ചിരുന്നു. കുട്ടി പൂര്‍ണ്ണമായും രോഗമുക്തനായെന്ന് ഈ വര്‍ഷം ഇവര്‍ അറിയിച്ചിരുന്നു. ഈ സംവിധാനം യുകെയില്‍ പ്രവര്‍ത്തനക്ഷമമാകുന്നതില്‍ ഇത്ര താമസമെന്താണെന്നും എന്‍എച്ച്എസ് രോഗികള്‍ക്ക് അത്യാധുനിക ചികിത്സ നിഷേധിക്കപ്പെടുന്നതിന് കാരണമെന്താണെന്നും വ്യക്തമാക്കണമെന്ന് ചികിത്സാരംഗത്തെ വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു. 250 മില്യന്‍ മുടക്കുമുതലില്‍ നിര്‍മിക്കുന്ന പ്രോട്ടോണ്‍ ബീം തെറാപ്പി സെന്ററുകള്‍ എന്‍എച്ച്എസ് മുന്‍കയ്യെടുത്ത് നിര്‍മിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ സാങ്കേതിക സംവിധാനമാണ്.