ന്യുഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് രണ്ടാമൂഴം. ശ്രീധരന്‍പിള്ളയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് ശ്രീധരന്‍പിള്ള വീണ്ടും നിയമിതനായത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പിസം ശക്തമായതോടെയാണ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നത് നീണ്ടു പോയത്. കെ. സുരേന്ദ്രന് വേണ്ടി വി. മുരളീധര പക്ഷവും എം.ടി രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും ചരടുവലികള്‍ നടത്തിയത് ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചു. ഇതോടെയാണ് ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍പിള്ളയെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നത്.

കേന്ദ്രനേതൃത്വം നടത്തിയ സര്‍വേയില്‍ ശ്രീധരന്‍പിള്ളയ്‌ക്കായിരുന്നു മുന്‍തൂക്കം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ സമ്മര്‍ദമുണ്ടായെങ്കിലും ആര്‍.എസ്‌.എസ്‌. എതിര്‍ത്തു. പി.കെ. കൃഷ്‌ണദാസ്‌, എ.എന്‍. രാധാകൃഷ്‌ണന്‍ എന്നിവരുടെ സാധ്യതകളും ഗ്രൂപ്പിസത്തില്‍ തട്ടിത്തകര്‍ന്നു. രാഷ്‌ട്രീയത്തിന്‌ അതീതമായ സൗഹൃദവലയവും എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതന്‍ എന്നതുമാണു ശ്രീധരന്‍പിള്ളയെ പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്‌. എന്‍.ഡി.എയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബി.ഡി.ജെ.എസുമായി പിള്ളയ്‌ക്കുള്ള അടുത്തബന്ധവും അനുകൂലഘടകമായി. 2003-2006-ലാണ്‌ ഇതിനുമുമ്പ്‌ ശ്രീധരന്‍പിള്ള സംസ്‌ഥാന പ്രസിഡന്റായിരുന്നത്‌. 100 പുസ്‌തകങ്ങളുടെ രചയിതാവാണ്‌.