പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ സിപിഎം പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയ്ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാളെ സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്.

ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ഉച്ചയ്ക്കുശേഷം ചേര്‍ന്ന ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോ‍ർട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ തീരുമാനം വൈകിപ്പിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുക്കുന്നത് ചർച്ച ചെയ്യാൻ ഇന്ന് രാവിലെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രമോദ് കോട്ടൂളിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. ജില്ലാ കമ്മറ്റി ഓഫീസിൽ ചേര്‍ന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ജില്ലാ കമ്മിറ്റിയംഗങ്ങളിൽ ഒരു വിഭാഗം നടപടിക്കെതിരാണെങ്കിലും സംസ്ഥാന നേതൃത്വം നൽകുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാൻ തീരുമാനമെടുത്തതെന്നാണ് വിവരം. അതേസമയം, നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പ്രമോദ് ജില്ലാ സെക്രട്ടറിയേറ്റിന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.