തിരുവനന്തപുരം∙ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ എസ്എംഎസ് വഴി തട്ടിപ്പു നടത്തിയതിനു സ്ഥിരീകരണം. കേസിലെ 5 പ്രതികളുടെ ഫോണ്‍ രേഖകള്‍ ഹൈടെക് സെല്‍ ഔദ്യോഗികമായി ക്രൈംബ്രാഞ്ചിനു കൈമാറി.
അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ഹൈടെക്സെല്‍ നേരത്തെ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. കേസിലെ പ്രതികളായ നസീം, പ്രണവ്, ശിവരഞ്ജിത്ത്, സഫീര്‍, ഗോകുല്‍ എന്നിവരുടെ ഫോണ്‍ രേഖകളാണ് കൈമാറിയത്.
എസ്എംഎസ് വഴി ഉത്തരം കൈമാറാന്‍ പ്രതികളെ സഹായിച്ച സഫീര്‍, ഗോകുല്‍ എന്നിവരുടെ ടവര്‍ ലൊക്കേഷന്‍ യൂണിവേഴ്സിറ്റി കോളജ് പരിസരമായിരുന്നു എന്നതിന് റിപ്പോര്‍ട്ട് ലഭിച്ചതോടെ സ്ഥിരീകരണമായി. നസീമിന്റെ ഫോണും ഇതേ ലൊക്കേഷനായിരുന്നു. എന്നാല്‍, മറ്റൊരു ഫോണ്‍ ഉപയോഗിച്ചാണ് നസീം തട്ടിപ്പ് നടത്തിയത്.
യൂണിവേഴ്സിറ്റി കോളജിനടുത്തുള്ള മൊബൈല്‍ ടവറുകളില്‍ ആ ദിവസം വന്ന കോളുകളും എസ്എംഎസും പരിശോധിച്ച് തട്ടിപ്പില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ക്രൈംബ്രാഞ്ച്. മൊബൈല്‍ രേഖകള്‍ പരിശോധിക്കുന്നതിലൂടെ പ്രതികള്‍ക്ക് ചോദ്യപേപ്പര്‍ കൈമാറിയ ആളിനെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
പരീക്ഷ നടന്ന 2018 ജൂലൈ 22ന് ഉച്ചയ്ക്ക് 2നും 3.15നും ഇടയിലാണ് പ്രതികളുടെ വാച്ചിലേക്ക് എസ്എംഎസായി ഉത്തരങ്ങള്‍ എത്തിയത്. ഒന്നരമണി മുതല്‍ എസ്എംഎസുകള്‍ എത്തിത്തുടങ്ങിയതായാണ് ഹൈടെക് സെല്ലിന്റെ റിപ്പോര്‍ട്ടിലുള്ളത്. പരീക്ഷാ ഹാളിലുള്ള പ്രതികളുടെ സ്മാര്‍ട് വാച്ചും ഫോണും തമ്മിലുള്ള ബ്ലൂടൂത്ത് കണക്ഷന്‍ നഷ്ടപ്പെടാതിരിക്കാനായിരുന്നു നിരന്തരം എസ്എംഎസുകള്‍ അയച്ചത്. 2.05 വരെ അയച്ച സന്ദേശങ്ങളെല്ലാം ‘ശൂന്യമായിരുന്നു’. കുത്തോ, കോമയോ, അക്ഷരങ്ങളോ രേഖപ്പെടുത്തിയശേഷം അയയ്ക്കുകയായിരുന്നു. ഇതിനുശേഷമാണ് ചോദ്യപേപ്പര്‍ പുറത്തെത്തുന്നതും ഉത്തരങ്ങള്‍ അയച്ചു തുടങ്ങുന്നതും.
യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കാസര്‍കോഡ് കെഎപി 4-ാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനുമായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളില്‍നിന്ന് 96 മെസേജുകളാണ് വന്നത്. 9 സന്ദേശങ്ങള്‍ എത്തിയത് പരീക്ഷ ആരംഭിക്കുന്ന സമയത്തും അതിനു മുന്‍പുമായിരുന്നു. ആറെണ്ണം 2.08നും 2.15നും ഇടയിലായിരുന്നു.
2.15നും 3.15നും ഇടയില്‍ 81 സന്ദേശങ്ങളെത്തി. കേസില്‍ 17ാം പ്രതിയും റാങ്ക് ലിസ്റ്റില്‍ രണ്ടാം സ്ഥാനക്കാരനുമായ പ്രണവിന്റെ ഫോണിലേക്ക് പരീക്ഷാ സമയത്ത് 78 സന്ദേശങ്ങളെത്തി. 2.04ന്ശേഷമാണ് സന്ദേശങ്ങളെല്ലാം എത്തിയത്. കേസിലെ രണ്ടാം പ്രതിയും 28ാം റാങ്കുകാരനുമായ നസീം പിഎസ്‌സിയില്‍ റജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് സന്ദേശങ്ങളെത്തിയിട്ടില്ല.
പകരം ഉപയോഗിച്ച നമ്പരിനെക്കുറിച്ച് അന്വേഷണം നടക്കുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ചിലര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഡ്വ.ജനറലുമായി അന്വേഷണ സംഘം ഇന്ന് ചര്‍ച്ച നടത്തും.
കെഎപി 4-ാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. നസീമും ശിവരഞ്ജിത്തും പ്രണവും കാസര്‍ഗോഡ് ജില്ലയില്‍ അപേക്ഷ നല്‍കി തിരുവനന്തപുരം ജില്ല സെന്റര്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് പരീക്ഷയെഴുതുകയായിരുന്നു.
ശിവരഞ്ജിത്ത് ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂരുള്ള ഗവണ്‍മെന്റ് യുപി സ്കൂളിലും പ്രണവ് ആറ്റിങ്ങല്‍ മാമത്തുള്ള ഗോഗുലം പബ്ലിക് സ്കൂളിലും നസീം തൈക്കാട് ഗവണ്‍മെന്റ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജിലുമാണ് പരീക്ഷയെഴുതിയത്. സഫീറും ഗോകുലും യൂണിവേഴ്സിറ്റി കോളജ് പരിസരത്തുനിന്ന് ഉത്തരങ്ങള്‍ ഫോണ്‍ വഴി കൈമാറുകയായിരുന്നു. ഇന്റര്‍നെറ്റ് വഴി ഉത്തരങ്ങള്‍ കണ്ടെത്തിയെന്നാണ് ഇരുവരുടേയും മൊഴി. പ്രതികളെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Leave a Reply