ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണം രാജ്യത്തുടനീളമുള്ള ജനങ്ങളിൽ വിവിധ തരത്തിലുള്ള ആഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ നേതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിലും വേദനയിലുമാണ്. റോയൽ കുടുംബത്തെ പിന്തുണയ്ക്കുന്നവർക്ക് ഈ മരണം നിരവധി പതിറ്റാണ്ടുകൾ നീണ്ട നീതിയുക്തമായ ഭരണത്തിന്റെ അവസാനമാണ്. എന്നാൽ മറ്റനേകം പേർക്ക് സ്വന്തം കുടുംബത്തിലെ തന്നെ ഒരു മുത്തശ്ശി മരിച്ച ദുഃഖമാണ് രാജ്ഞിയുടെ മരണം ഉളവാക്കുന്നത്. ഇത്തരത്തിലുള്ള വിവിധ മാനസികാവസ്ഥകളിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത് എന്നതിന്റെ സാഹചര്യത്തിൽ, സൈക്കോളജിസ്റ്റായ ഡോക്ടർ എലിസബത്ത് പാഡോക്ക് ഈ സാഹചര്യങ്ങളെ നേരിടുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുവാൻ തന്റെ ഉപദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. മിറർ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്. നിലവിലെ സാഹചര്യങ്ങളിൽ ഒരിക്കലും കാണാത്തയാൾക്ക് വേണ്ടി പോലും അവരുടെ മരണത്തിൽ ഒരാളുടെ ഹൃദയത്തിൽ ദുഃഖം ഉണ്ടാകാമെന്ന് അവർ വ്യക്തമാക്കി. ഇത്തരമൊരു അവസ്ഥയെയാണ് കളക്ടീവ് ഗ്രീഫ് എന്ന് വിളിക്കുന്നതെന്നും അവർ പറഞ്ഞു. ഇത്തരമൊരു സാഹചര്യം തികച്ചും സാധാരണമാണ്.
രാജ്ഞിയുടെ മരണം ബ്രിട്ടനിലെ ജനങ്ങളെ കൂടുതൽ ആഘാതത്തിൽ ആക്കിയിട്ടുണ്ട്. അതിനു കാരണം നീണ്ടകാലം രാജ്യത്തിന്റെ എല്ലാ പ്രമുഖ പരിപാടികളിലും രാജ്ഞിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് തന്നെയാണ്. അതോടൊപ്പം തന്നെ ഇനിയൊരു പുതിയ ഭരണാധികാരി എങ്ങനെയാകും എന്ന് ആശങ്കയും ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്ന് പാഡോക്ക് വ്യക്തമാക്കി. അതോടൊപ്പം തന്നെ കോവിഡ് കാലത്തിന്റെ പ്രതിസന്ധികൾ ഒക്കെ ജനങ്ങളുടെ മനസ്സിൽ ചിലപ്പോഴെങ്കിലും ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും ഇപ്പോഴത്തെ ദുഃഖത്തിന് ആക്കം കൂട്ടുന്നു. രാജ്യത്തുടനീളമുള്ള ഈ ദുഖാചരണം ജനങ്ങൾക്ക് തങ്ങളുടെ ദുഃഖങ്ങളെ തുറന്നുപറയുവാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. അതിനാൽ തന്നെ ജനങ്ങൾ അത്തരമൊരു അവസരം പ്രയോജനപ്പെടുത്തണമെന്നും അവർ ഓർമ്മിപ്പിച്ചു.
Leave a Reply