ന്യൂസ് ഡെസ്ക് മലയാളം യുകെ

2010 ജൂലൈയിലെ ഒരു പ്രഭാതത്തിൽ ഗണേഷ് വാസുദേവൻ കണ്ട കാഴ്ചയുടെ ഭീകരത ഇന്നും അദ്ദേഹത്തിന്റെ മനസ്സിൽ അലയടിച്ചുയരും. പുതുച്ചേരിയിൽ നിന്നും അത്ര അകലയല്ലാത്ത തീരപ്രദേശത്ത് പാർക്കുന്ന മുക്കുവനായിരുന്ന ഗണേഷിന്റെ വീട് മാത്രമല്ല കടൽ എടുത്തുകൊണ്ടു പോയത് ; ആ വീട് നിലയുറപ്പിച്ച മണ്ണ് കൂടിയാണ്. പിന്നീട് വർഷങ്ങളോളം, തീരത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ ഒരു ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. കമ്മ്യൂണിറ്റി റിപ്പോർട്ടുകൾ പ്രകാരം ഈ തീരപ്രദേശത്ത് കുറഞ്ഞത് 200 ഏക്കർ (80 ഹെക്ടർ) ഭൂമി പൂർണ്ണമായും കടൽക്ഷോഭം കാരണം നശിച്ചു. കുറഞ്ഞത് 7,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഗണേഷിന്റെ മത്സ്യബന്ധന ഗ്രാമമായ ചിനമുദാലിയാർ ചവാഡി 2004ലെ സുനാമിയിൽ തന്നെ ഏറ്റവും അധികം നാശം നേരിട്ട ഇടമാണ്. എങ്കിലും ഇവിടുത്തെ ജനങ്ങൾ പൊരുതാൻ ഉറച്ചാണ് ജീവിക്കുന്നത്. വെള്ളം കുറയുമ്പോൾ അവർക്ക് അവരുടെ ജീവിതം പുനർനിർമിക്കാൻ കഴിയുമെന്ന് ഗണേഷ് ഉറപ്പിച്ചു പറയുന്നു. ഇവരുടെ ജീവിതം ബിബിസി റിപ്പോർട്ട്‌ ചെയ്തിരുന്നു.

മുമ്പ് പോണ്ടിച്ചേരി എന്നറിയപ്പെട്ടിരുന്ന പുതുച്ചേരി ഒരു കടൽത്തീര നഗരമാണ്. പണ്ട് ഒരു ഫ്രഞ്ച് കോളനിയായിരുന്നു. ഏഴ് സോണുകളായി വിഭജിച്ചിരിക്കുന്ന ഈ 40 കിലോമീറ്റർ (25 മൈൽ) തീരപ്രദേശം ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ്. എന്നാൽ കഴിഞ്ഞ പതിറ്റാണ്ട് മുതൽ ഈ ബീച്ചുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. പോണ്ടിച്ചേരി സിറ്റിസൺസ് ആക്ഷൻ നെറ്റ്‌വർക്ക് (പോണ്ടികാൻ) എന്ന പാരിസ്ഥിതിക അഭിഭാഷക സംഘം തയ്യാറാക്കിയ ചലഞ്ചഡ് കോസ്റ്റ് ഓഫ് ഇന്ത്യ എന്ന റിപ്പോർട്ടിന്റെ ഭാഗമായാണ് 2012 ൽ പ്രദേശത്തിന് സംഭവിച്ച മാറ്റങ്ങൾ രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചത്. “തീരദേശത്തെ മണ്ണൊലിപ്പ് ഇത്ര കഠിനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ഞങ്ങൾ 2013 മുതൽ ഈ പ്രദേശം പഠിച്ചുകൊണ്ടിരിക്കുകയാണ്.”കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗമായ ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ‌സി‌സി‌ആർ) ഡയറക്ടർ എം വി രമണ മൂർത്തി പറഞ്ഞു.

6,000 കിലോമീറ്റർ (3,700 മൈൽ) തീരപ്രദേശങ്ങൾ പരിശോധിക്കാൻ എൻ‌സി‌സി‌ആറിലെ ശാസ്ത്രജ്ഞർ സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ചു.

1990 നും 2016 നും ഇടയിൽ ഈ തീരത്തിന്റെ 34% മുതൽ 40% കടുത്ത മണ്ണൊലിപ്പ് നേരിടുന്നുണ്ടെന്ന് കണ്ടെത്തി. മണ്ണൊലിപ്പിൽ ആളുകൾക്ക് വീട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. സസ്യങ്ങൾ നശിപ്പിക്കപ്പെടുന്നു. ശുദ്ധജല ജലാശയങ്ങൾ ഉപ്പുവെള്ളമായി മാറുന്നു.

കേരളത്തിലും സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം കേരളതീരത്ത് ഉണ്ടായ ശക്തമായ കടൽ ക്ഷോഭത്തിൽ കേരളത്തിന്റെ തെക്കെയറ്റം മുതൽ വടക്കെയറ്റം വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ മുഴുവൻ കടൽ കയറുകയും, അവരുടെ വീടുകളും ജീവനോപാധികളും നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ പല മത്സ്യബന്ധന ഗ്രാമങ്ങളും മാഞ്ഞുപോകാൻ തുടങ്ങിയിരിക്കുകയാണെന്ന സത്യാവസ്ഥ ഉൾകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതിവിരുദ്ധമായ നിര്‍മാണങ്ങളും കാലാവസ്ഥാ വ്യതിയാനും ഭരണസംവിധാനങ്ങളുടെ അവഗണനയും മൂലം കേരളത്തിലെ കടലോരഗ്രാമങ്ങളില്‍ ജീവിതം അസാധ്യമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മഴക്കെടുതിയിൽ പൊറുതിമുട്ടിയാണ് ആലപ്പുഴ കഴിയുന്നത്. വെള്ളക്കെട്ടിൽ നട്ടംതിരിയുന്ന കുട്ടനാട്ടുകാരുടെ ജീവിതം ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മടവീണും പുറംബണ്ടിലൂടെ വെള്ളം കവിഞ്ഞൊഴുകിയുമാണ് പാടങ്ങൾ വെള്ളത്തിലായത്, ഇതുവഴി നൂറുകണക്കിന് വീടുകളിലും വെള്ളം കയറി. നിലനിൽപ്പിനായി കേഴുന്ന ജനതയ്ക്ക് അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. വെള്ളപ്പൊക്ക ദുരിതം തുടര്‍ക്കഥയായ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ നിന്ന് പലായനം ചെയ്യുകയാണ് കുടുംബങ്ങള്‍. ജനിച്ചുവളര്‍ന്ന ഭൂമി ഉപേക്ഷിച്ച് വെള്ളപ്പൊക്ക ഭീഷണിയൊഴിഞ്ഞ പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തി ജീവിതം പറിച്ചുനടാനാണ് അവരുടെ ശ്രമം. ഇവരെല്ലാം പോരാടുകയാണ്, ജീവനും ജീവിതവും ചേർത്ത് പിടിച്ച് തന്നെ.