ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ കെൻ്റ് പ്രദേശത്ത് മാരകമായ മെനിഞ്ചൈറ്റിസ് പകർച്ചവ്യാധി വ്യാപിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തിര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചതനുസരിച്ച്, യൂണിവേഴ്സിറ്റി ഓഫ് കെൻ്റ് ക്യാമ്പസിൽ നിന്ന് രോഗവ്യാപനം ആരംഭിച്ചതായി ആണ് സംശയിക്കുന്നത് . ഇതിനോടകം 20 കേസുകൾ സ്ഥിരീകരിക്കപ്പെട്ടതിൽ രണ്ട് പേർ മരണപ്പെട്ടു. ഇതോടെ ഏകദേശം 5,000 വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകാൻ പ്രത്യേക ക്യാമ്പെയ്ൻ ആരംഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രോഗം വേഗത്തിൽ പടർന്നതിൻ്റെ കാരണം അന്വേഷിക്കുന്നതിനിടെ, കാൻ്റർബറിയിലെ ഒരു നൈറ്റ് ക്ലബ്ബിൽ നടന്ന പരിപാടി ആണ് പ്രധാന കാരണം എന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കും സമ്പർക്കത്തിലുള്ളവർക്കും ആൻ്റിബയോട്ടിക് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2,500 പേർക്ക് മരുന്ന് വിതരണം ചെയ്തു കഴിഞ്ഞു .

സ്ഥിതി നിയന്ത്രണവിധേയമാക്കാൻ വാക്സിനേഷൻ, സമ്പർക്ക പട്ടിക തയാറാക്കൽ എന്നിവ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആരോഗ്യ നിർദ്ദേശങ്ങൾ നൽകി കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പനി, തലവേദന, കഴുത്ത് വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി . രോഗവ്യാപനം തടയാൻ അടുത്ത സമ്പർക്കത്തിലുള്ളവർക്ക് മുൻകരുതൽ മരുന്ന് നൽകുന്നത് തുടരുകയാണ്. ചില വിദ്യാർത്ഥികൾ ഭയന്ന് വീടുകളിലേക്ക് മടങ്ങിയപ്പോൾ, മറ്റുചിലർ വാക്സിനേഷൻ പൂർത്തിയാക്കാൻ ക്യാമ്പസിൽ തുടരുകയാണ്. ആരോഗ്യസംഘങ്ങൾ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയതോടെ സ്ഥിതി നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.