ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് -19 ന്റെ വ്യാപനം അതിരുകളില്ലാതെ മുന്നേറുമ്പോൾ സ്വാഭാവികമായും ലോക്ഡൗണും സാമൂഹിക അകലം പാലിക്കലും തുടരുമെന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഓരോ വ്യക്തിയുടെയും ശാരീരിക ക്ഷമതയും പ്രായവും അനുസരിച്ച് പല രീതിയിലുള്ള നിയന്ത്രണങ്ങളും ലോക്ക്ഡൗൺ കഴിഞ്ഞാലും തുടരുമെന്നുള്ള കാര്യം ഉറപ്പായിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ കഴിയേണ്ടി വരുമ്പോഴുള്ള മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്.
കുട്ടികളും മുതിർന്നവരും സമൂഹമാധ്യമങ്ങളുടെയും ടിവി പ്രോഗ്രാമുകളുടെയും അടിമത്വത്തിലേക്ക് മാറുന്ന അനാരോഗ്യ പ്രവണത ലോക്ക്ഡൗണിന്റെ അനന്തരഫലമായി കുടുംബങ്ങളെയും വ്യക്തികളെയും ബാധിച്ചേക്കാം. വീട്ടിൽ തന്നെ ചടഞ്ഞു കൂടുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് നിരവധി പഠനങ്ങൾ നടത്തേണ്ടതുണ്ട്. മതിയായ വ്യായാമം ഇല്ലാതെ വീട്ടിൽ തന്നെ ചടഞ്ഞു കൂടേണ്ടി വരുന്നതു മൂലവും സൂര്യപ്രകാശത്തിൻെറ അഭാവം മൂലവും ഒക്കെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യക്തികൾ ബോധവാന്മാരാകേണ്ടതാണ്.
ഈ പശ്ചാത്തലത്തിലാണ് വൈറ്റമിൻ -ഡി സപ്ലിമെന്റ്സ് സ്പ്രിങ് ആൻഡ് സമ്മർ സീസണിൽ തുടർച്ചയായി കഴിക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നോട്ടു വയ്ക്കുന്നത്. സാധാരണഗതിയിലുള്ള ജീവിതചര്യയിൽ ആവശ്യത്തിനുള്ള വൈറ്റമിൻ -ഡി സൂര്യപ്രകാശത്തിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതാണ് പക്ഷേ ഈ ലോക്ഡൗൺ പിരീഡിൽ ഭൂരിപക്ഷമാളുകളും വീടുകളിൽ തന്നെ കഴിയുന്ന അവസ്ഥയിൽ വൈറ്റമിൻ -ഡി ലഭിക്കാനുള്ള സാധ്യത വിരളമാണ്.
നേരത്തെ തന്നെ യുകെയിൽ താമസിക്കുന്നവർ ഒക്ടോബർ മുതൽ മാർച്ചുവരെ 10 മൈക്രോഗ്രാം വൈറ്റമിൻ -ഡി കഴിക്കണമെന്നുള്ള നിർദ്ദേശം പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്. വൈറ്റമിൻ -ഡി അസ്ഥികളുടെയും, മാംസപേശികളുടെയും ആരോഗ്യത്തിന് സുപ്രധാനമാണ് പക്ഷെ ശുപാർശ ചെയ്യപ്പെട്ടതിനപ്പുറം വൈറ്റമിൻ -ഡി സപ്ലിമെന്റ്സ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉത്തമമല്ലാ.
Leave a Reply