പ്രതികൂല കാലാവസ്ഥ എന്‍എച്ച്എസ് രക്ത സ്റ്റോക്കുകളെ സാരമായി ബാധിച്ചതിനെ തുടര്‍ന്ന് പൊതു ജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് എന്‍എച്ച്എസ്. കഴിയാവുന്നവരെല്ലാം രക്തദാനത്തിന് മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് അഭ്യര്‍ത്ഥിക്കുന്നു. ഈസ്റ്റര്‍ വീക്കെന്‍ഡിന് മുന്‍പ് സ്റ്റോക്കിലെ കുറവ് നികത്താനാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. ഈസ്റ്റര്‍ വീക്കെന്‍ഡില്‍ കുടുംബത്തോടപ്പം ചെലവഴിക്കാനാവും ആളുകള്‍ ശ്രമിക്കുക. അതുകൊണ്ടു തന്നെ വീക്കെന്‍ഡിന് മുന്‍പ് സ്റ്റോക്കിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടം ചെയ്യും. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങള്‍ യുകെയിലുണ്ടാക്കിയ കനത്ത മഞ്ഞ് വീഴ്ച്ചയും ശീതക്കാറ്റും മൂലം കഴിഞ്ഞ ആഴ്ച്ചകളില്‍ രക്തദാനം നടത്താനായി തയ്യാറെടുത്ത പലര്‍ക്കും അപ്പോയിന്റ്‌മെന്റ് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

ബി നെഗറ്റീവ്, ഒ നെഗറ്റീവ്, ബി പോസിറ്റീവ് തുടങ്ങിയ രക്ത ഗ്രൂപ്പുകളുടെ സ്റ്റോക്ക് ഗണ്യമായി കുറവഞ്ഞിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലുള്ള രക്തത്തിന്റെ 3 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്. കുറഞ്ഞത് 6 ദിവസത്തേക്കെങ്കിലുമുള്ള സ്‌റ്റോക്ക് കരുതണമെന്നാണ് കണക്ക്. എങ്കില്‍ മാത്രമേ രോഗികളെ കൃത്യമായി പരിചരിക്കാന്‍ കഴിയുകയുള്ളു. അടിയന്തര സമയങ്ങള്‍, കാന്‍സര്‍ ചികിത്സ, മറ്റു രക്ത രോഗങ്ങളുടെ ചികിത്സ തുടങ്ങിയവയ്ക്കായി യുകെയിലെ ആശുപത്രികളില്‍ ഒരു ദിവസം 6000ത്തോളം രക്തദാതാക്കളെ ആവശ്യമുണ്ട്. ഇത്രയും ദാതാക്കള്‍ ഉണ്ടായാല്‍ മാത്രമെ ആശുപത്രികളിലെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളു. പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ആവശ്യാനുസൃതമുള്ള രക്തം ശേഖരിക്കുന്നതിന് കഴിഞ്ഞെല്ലെന്നും സ്റ്റോക്കുകളിലെ കുറവ് പരിഹരിക്കാന്‍ കുറച്ചു സമയമെടുക്കുമെന്നും എന്‍എച്ച്എസ് ബ്ല്രഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഓഫ് ബ്ലഡ് ഡോണേഷന്‍ മൈക്ക് സ്‌ട്രെഡര്‍ വ്യക്തമാക്കി.

സ്‌റ്റോക്കുകളിലെ കുറവ് പരിഹരിക്കുന്നതിനായിട്ടാണ് ഡോണേഷന്‍ സെന്ററുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രക്തവും പ്ലേറ്റ്‌ലറ്റുകളും ദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായിട്ടാണ് സെന്ററുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചിരിക്കുന്നതെന്നും സ്‌ട്രെഡര്‍ പറഞ്ഞു. രോഗികള്‍ക്ക് ദിവസവും രക്തം ആവശ്യമുണ്ട്. രക്തം ദാനംചെയ്യാനുള്ള മനുഷ്യരുടെ സന്നദ്ധതയിലാണ് ഇവരുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഗ്ലണ്ടില്‍ ആകെ 23 ബ്ലഡ് ഡോണര്‍ സെന്ററുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. സാധാരണ കമ്യൂണിറ്റി കേന്ദ്രങ്ങളേക്കാളും കൂടുതല്‍ സമയം ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. രക്തബാങ്കിലെ കൂറവ് പരിഹരിക്കുന്നതിനായി കഠിന പരിശ്രമത്തിലാണ് മേല്‍ പറഞ്ഞ സെന്ററുകള്‍. മിക്ക സെന്ററുകളിലും ഇപ്പോഴും അപ്പോയിന്‍മെന്റുകള്‍ ലഭ്യമാണ്. നിങ്ങളുടെ അപ്പോയിന്‍മെന്റുകള്‍ക്കായി 03001232323 എന്ന ഡോണര്‍ ലൈനില്‍ ബന്ധപ്പെടുകയോ അല്ലെങ്കില്‍ www.blood.co.uk എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.