ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യത്തുടനീളം ബിൻ സ്ട്രൈക്ക് തുടരുന്നതിനാൽ പൊതുജനാരോഗ്യത്തിന് അപകടസാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി സ്കോട്ട്‌ലന്റിന്റെ നാഷണൽ ഹെൽത്ത് ഏജൻസി . നാപ്കിനുകളും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ആളുകളുടെ ആരോഗ്യത്തിന് അപകട സാധ്യതയുണ്ടാക്കുന്നതായി സ്കോട്ട്ലൻഡിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി . ബിന്നുകൾ കവിഞ്ഞൊഴുകുന്ന പ്രദേശങ്ങൾ അണുവിമുക്തമാക്കാൻ ഏജൻസി കൗൺസിലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തർക്കം പരിഹരിക്കാനുള്ള തുടർച്ചയായുള്ള മൂന്നാം വട്ട ചർച്ചകളും പരാജയപ്പെട്ടിരിക്കുകയാണ് . കൗൺസിലും യൂണിയനും തമ്മിലുള്ള ചർച്ചകളിൽ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്കായി ഒരു പുതിയ കരാർ രൂപീകരിക്കുന്നതിനെപ്പറ്റിയാണ് പരിഗണിച്ചിരുന്നത്. ഞായറാഴ്ച ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാലിന്യത്തിന്റെ തരവും കാലാവസ്ഥയും ഉൾപ്പെടെയുള്ള പഠനങ്ങളെ ആശ്രയിച്ചാണ് മാലിന്യം എത്രമാത്രം ആരോഗ്യത്തിന് അപകടരം എന്ന് പറയാൻ കഴിയൂ എന്ന് പബ്ലിക് ഹെൽത്ത് സ്‌കോട്ട്‌ലൻഡ് അറിയിച്ചു. ജൈവമാലിന്യങ്ങൾ അടിഞ്ഞു കൂടുകയാണെങ്കിൽ അത് മനുഷ്യൻറെ ആരോഗ്യത്തെ ബാധിക്കും. ഭക്ഷണ അവശിഷ്ടങ്ങൾ, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, മനുഷ്യമാലിന്യങ്ങൾ, വളം എന്നിവയെല്ലാം ജൈവ മാലിന്യങ്ങളിൽ ഉൾപ്പെടുന്നു. ആളുകളുടെ ആരോഗ്യത്തിന് അപകട സാധ്യത ഒഴിവാക്കാനായി ബിന്നുകൾ കവിഞ്ഞൊഴുകുന്ന പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കാൻ കൗൺസിലുകൾക്ക് ശുപാർശ നൽകിയതായി ഏജൻസി കൂട്ടിച്ചേർത്തു. എഡിൻബർഗിലുടനീളം കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ പൊതുജന ആരോഗ്യത്തിന് ആശങ്ക ഉയർത്തുന്നതായി ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി പറഞ്ഞു.