ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് സേവനങ്ങളിൽ പൊതുജനങ്ങൾക്ക് അതൃപ്തി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1948 ജൂലൈ 5-ാം തീയതി ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പൊതുജനാഭിപ്രായം ആണ് എൻഎച്ച്എസിനെ കുറിച്ച് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എൻഎച്ച്എസ് സേവനങ്ങൾ ലഭിക്കുന്നതിനുള്ള നീണ്ട കാത്തിരിപ്പ് സമയമാണ് ജനങ്ങൾക്ക് ഇത്രമാത്രം നിരാശ നൽകുന്നത്.


ഇംഗ്ലണ്ട്, സ്കോട്ട്‌ ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 24 % ആളുകൾ മാത്രമാണ് എൻഎച്ച്എസിൻ്റെ സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് സോഷ്യൽ ആറ്റിറ്റ്യൂഡിൻ്റെ ഗവേഷണത്തിലാണ് ഈ കണ്ടെത്തലുള്ളത്. ഇത് എല്ലാ കാലത്തെയും അപേക്ഷിച്ച് ഏറ്റവും കുറവാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2010 ൽ ഇപ്പോഴത്തെ ഭരണപക്ഷം അധികാരത്തിലെത്തിയപ്പോൾ എൻഎച്ച്എസിനെ കുറിച്ച് 70% ആൾക്കാരും തൃപ്തികരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അത് 46% ആയി കുറഞ്ഞു. പിന്നീട് അത് പടിപടിയായി കുറഞ്ഞ് 24 ശതമാനത്തിലേക്ക് എത്തിയത്.


യുകെയിൽ വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിൽ എൻ എച്ച് എസ്സിന്റെ പ്രവർത്തനം ഭരണപക്ഷത്തിന് വൻ തിരിച്ചടിയാകുമെന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ലേബർ പാർട്ടി എൻഎച്ച്എസിനെ കുറിച്ചുള്ള പൊതുജന അഭിപ്രായം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. അധികാരമേറ്റപ്പോൾ എൻഎച്ച്എസ്സിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ എല്ലാ പുനരുദ്ധാരണ ശ്രമങ്ങളും വാഗ്ദാനങ്ങളും ജലരേഖയായതായി എൻഎച്ച്എസ്സിലെ സമീപകാല പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്കുപോലും എൻ എച്ച് എസ് സേവനങ്ങൾ ലഭിക്കുന്നതിന് ഏറെനാൾ കാത്തിരിക്കേണ്ടി വരുന്നത് ജനങ്ങൾക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. മതിയായ ജീവനക്കാരില്ലാത്തത് എൻഎച്ച്എസിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകമാണ്. ഏകദേശം 40,000 ഓളം നേഴ്സുമാരുടെ കുറവു തന്നെ എൻഎച്ച്എസിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.