സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ക്ക് ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് രക്ഷിതാക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നുവെന്ന് സര്‍വേ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളെ സുരക്ഷിതരാക്കാന്‍ നിയമപരമായി ഉത്തരവാദിത്തബോധം നടപ്പാക്കുന്ന ഈ നിയന്ത്രണം ആവശ്യമാണെന്നാണ് എന്‍എസ്പിസിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രക്ഷിതാക്കള്‍ വ്യക്തമാക്കിയത്. വോട്ടിംഗില്‍ പങ്കെടുത്തവരില്‍ പത്തില്‍ ഒമ്പതു പേരും ഇതേ അഭിപ്രായം അറിയിച്ചു. 2700ലേറെ ആളുകളിലാണ് പോള്‍ നടത്തിയത്. 11 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ 92 ശതമാനം പേരും പൊതുജനങ്ങളില്‍ 89 ശതമാനം പേരും ഡ്യൂട്ടി ഓഫ് കെയറിനെ അനുകൂലിച്ചു.
11-12 വയസ് പരിധിയിലുള്ളവര്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. ഫെയിസ്ബുക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് 70 ശതമാനം പേര്‍ പറയുന്നത്. മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കുകളും അതിന്റെ ഉപയോക്താക്കളുടെ ഏറ്റവും കുറഞ്ഞ പ്രായമായി പറയുന്നത് 13 വയസാണ്. എന്നാല്‍ പ്രായം പരിശോധിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങളില്ല എന്നതാണ് വാസ്തവം. ഇതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് അപകടകരമല്ല തങ്ങളുടെ പ്ലാറ്റ്‌ഫോം എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ തയ്യാറാകണമെന്നാണ് എന്‍എസ്പിസിസി ആവശ്യപ്പെടുന്നത്.
സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിയമപരമായ ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് എന്‍എസ്പിസിസിയുടെ സര്‍വേ ഫലം പുറത്തു വരുന്നത്. ഗവണ്‍മെന്റിന്റെ ഓണ്‍ലൈന്‍ ഹാംസ് വൈറ്റ് പേപ്പര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് ലീഗല്‍ ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ വാന്‍ലെസ് ആവശ്യപ്പെട്ടു.
Leave a Reply