ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ മഴ തുടരുന്നതിനാല്‍ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു. ചാറ്റല്‍ മഴ മാത്രമേ പെയ്യുന്നുള്ളൂവെങ്കിലും ഈ അന്തരീക്ഷത്തില്‍ ശരിയായ വിധത്തിലും സുരക്ഷിതമായും തിരച്ചില്‍ നടത്താന്‍ കഴിയില്ല എന്നതിനാലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. അടുത്ത രണ്ടുദിവസം ചാലിയാറില്‍ വിശദമായ തിരച്ചില്‍ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

ഇന്ന് നടന്ന ജനകീയ തിരച്ചിലിൽ പരപ്പൻപാറയ്ക്ക് സമീപത്തുനിന്ന് മൂന്ന് ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇവ സന്ധ്യയോടെ പുറത്തെത്തിച്ചു. അതേസമയം, ശരീരഭാഗങ്ങൾ കണ്ടെത്തിയ വിവരം അധികൃതരെ അറിയിച്ചിട്ടും എയർലിഫ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്ന പരാതി ഉയർന്നു. ദുർഘടമായ വഴിയിലൂടെയാണ് രക്ഷാപ്രവർത്തകർ ശരീരഭാഗങ്ങൾ പുറത്തെത്തിച്ചത്.

ഞായറാഴ്ച വൈകീട്ട് അഞ്ചുമണി വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴ വില്ലനായതോടെയാണ് തിരച്ചില്‍ നേരത്തേ അവസാനിപ്പിച്ചത്. മഴപെയ്യുമ്പോള്‍ ചെരിവുകളിലും മറ്റും തിരച്ചില്‍ നടത്തുന്നവര്‍ തെന്നിവീണ് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മഴ ശക്തമാകുമ്പോള്‍ ചിലയിടങ്ങളില്‍ വെള്ളക്കെട്ടും ശക്തമായ ഒഴുക്കും രൂപപ്പെടാനും സാധ്യതയുണ്ട്. ഇക്കാരണങ്ങളാലാണ് തിരച്ചില്‍ അവസാനിപ്പിച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടെ എല്ലാ സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചുവിളിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് ജനകീയ തിരച്ചിലില്‍ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ ചാലിയാറില്‍ വിശദമായ തിരച്ചില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടത്തും. വിവിധ മേഖലകളാക്കി തിരിച്ചാണ് തിരച്ചില്‍ നടത്തുക. ഓരോ മേഖലകളിലും വിവിധ ഏജന്‍സികളില്‍ നിന്ന് നിശ്ചിത എണ്ണം സന്നദ്ധപ്രവര്‍ത്തകരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്.

താത്കാലിക പുനരധിവാസത്തിനായി ഇതുവരെ 253 വാടകവീടുകള്‍ കണ്ടെത്തിക്കഴിഞ്ഞു. നൂറോളം വാടകവീടുകളുടെ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്തബാധിതരുടെ അഭിപ്രായം ശേഖരിക്കാനായി 18 സംഘങ്ങള്‍ വിശദമായ സര്‍വേ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയവരെ തനിച്ച് താമസിക്കാന്‍ വിടില്ലെന്നും രക്ഷിതാവ് എന്ന നിലയില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഇവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.