നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ സിനിമാ ഷൂട്ടിങ് നടന്ന സ്ഥലത്തും അന്വേഷണം. ജോര്‍ജ്ജേട്ടന്‍സ് പൂരം ചിത്രീകരിച്ച തൃശ്ശൂരിലെ ഹെൽത്ത് ക്ലബിലാണ് അന്വേഷണം. ഹെല്‍ത്ത് ക്ലബിലെ ജീവനക്കാരെ കൊച്ചിയില്‍ വരുത്തി ചോദ്യം ചെയ്തു. ദിലീപിനൊപ്പം സെല്‍ഫി എടുത്തവരെയാണ് വിളിച്ചുവരുത്തിയത്. ഇവർ എടുത്ത ചിത്രത്തിനു പുറകിലായി നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ കയ്യുംകെട്ടി നിൽക്കുന്നുണ്ട്. ഇതിൽനിന്നുമാണ് സുനിൽ കുമാർ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായത്. ദിലീപിന്റെയും സുനിൽ കുമാറിന്റെയും മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഹെൽത്ത് ക്ലബിലെത്തിയത്.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നീളുന്നതിൽ ഡിജിപി ലോക്നാഥ് ബെഹ്റ അതൃപ്തി പ്രകടിപ്പിച്ചു. എഡിജിപിയെയും ഐജിയെയും വരുത്തിച്ച് അന്വേഷണ വിവരങ്ങൾ തിരക്കി. അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂർ ചോദ്യം ചെയ്യുന്നതിനു രണ്ടു ദിവസം മുൻപു സംവിധായകൻ നാദിർഷയ്ക്ക് എഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പരിശീലനം നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ടെന്ന് പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു. ജൂൺ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ വൈറ്റിലയ്ക്കു സമീപത്തെ കേന്ദ്രത്തിലേക്കു നാദിർഷായെ വിളിച്ചു വരുത്തി പൊലീസിന്റെ ചോദ്യംചെയ്യൽ മുറകൾ വിവരിച്ചു കൊടുത്തതായാണു റിപ്പോർട്ട്. കൂടിക്കാഴ്ച നടന്നു രണ്ടു ദിവസത്തിനു ശേഷമാണ് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ നാദിർഷാ, നടൻ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM

ഇതിനിടെ, നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് ഒളിവിൽ പോകുംമുൻപു മുഖ്യപ്രതി സുനിൽകുമാറിന് (പൾസർ സുനി) പണം ലഭിച്ചതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. ഇത് എവിടെ നിന്നാണു കിട്ടിയതെന്നു വ്യക്തമാവുന്നതോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷ.