പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് സൂപ്പര്‍താരത്തിന്റെ നിര്‍ദ്ദേശമനുസരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. ഇതില്‍ ഒരാള്‍ നടനും മറ്റെയാള്‍ സംവിധായകനുമാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊച്ചിയില്‍ സുഹൃത്തിനെ കാണാനായി വരുമ്പോഴാണ് നടിക്കെതിരെ ആക്രമണം ഉണ്ടായത്. ഈ യാത്രാ വിവരങ്ങള്‍ പള്‍സര്‍ സുനിക്ക് ലഭിച്ചത് ഇതേ സംവിധായകനില്‍ നിന്നാണെന്നും സൂപ്പര്‍താരം പള്‍സര്‍ സുനിയെ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ജയിലില്‍ വെച്ച് സഹ തടവുകാരനോടാണ് പള്‍സര്‍ സുനി ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതെന്നാണ് വിവരം. സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതിയായ ചാലക്കുടി സ്വദേശി ജിന്‍സനോടാണ് വിവരങ്ങള്‍ പങ്കുവച്ചത്. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

ജയില്‍ അധികാരികള്‍ക്ക് വിവരം കിട്ടിയതോടെ ഈ കാര്യം അവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തു. നെടുമ്പാശ്ശേരിയില്‍ ഒരു തട്ടിപ്പുകേസുമായാണ് ജിന്‍സനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മൊഴി ഗൗരവത്തോടെ എടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിമാന്‍ഡ് പ്രതിയായ ജിന്‍സന്റെ അതേ മുറിയിലാണ് പള്‍സര്‍ സുനിയെയും പാര്‍പ്പിച്ചിരുന്നത്. ഇവര്‍ തമ്മില്‍ നല്ല സൗഹൃദത്തിലാവുകയും ഇതെത്തുടര്‍ന്ന് സുനി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജിന്‍സനുമായി പങ്കുവയ്ക്കുകയുമായിരുന്നു. കൂടുതല്‍ തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ തുടരന്വേഷണം നടത്താനായി വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ് പൊലീസെന്നാണ് സൂചന. ഇതിനെല്ലാം ജയിലില്‍ വിചാരണ തടവുകാരനായ ജിന്‍സന്റെ അഭിഭാഷകന്റെ ഇടപെടലും നിര്‍ണ്ണായകമായി. സത്യം പുറത്തു വരുന്നതില്‍ ഈ അഭിഭാഷകന്റെ പങ്കും വലുതാണ്.

പള്‍സര്‍ സുനി ജിന്‍സനോട് സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മിമിക്രി താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുടെ ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ബ്ലാക്ക്മെയിലിങ് ആണോ ലക്ഷ്യമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ പൊലീസിനോട് പങ്കുവെച്ച ജിന്‍സനും സംശയത്തിന്റെ നിഴലിലാണ്. പള്‍സര്‍ സുനിയും ജിന്‍സനും ചേര്‍ന്ന് പ്രമുഖരില്‍ നിന്നും പണം തട്ടാനുള്ള ഗൂഢാലോചന നടത്തിയതിന്റെ ഭാഗമാണോ പുതിയ നീക്കമെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഫെബ്രുവരി 17നായിരുന്നു തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴി പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും സംഘം മൊബൈലില്‍ പകര്‍ത്തി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നെങ്കിലും അത് തള്ളിക്കളയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ ജയിലിലെ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഈ കേസില്‍ നിര്‍ണായക വഴിത്തിരിവ് ആയിരിക്കുന്നത്.