യുവനടിയെ തട്ടിക്കൊണ്ടുപോയി അക്രമം കാണിച്ച സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. കേസിലെ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് വ്യക്തമായി. സുനി മുന്‍പ് കോടതിയില്‍ നല്‍കിയ പരാതിയിലേയും കത്തിലേയും കയ്യക്ഷരം വ്യത്യസ്തമാണ്. അങ്കമാലി കോടതിയിലാണ് നേരത്തെ സുനി പരാതി നല്‍കിയത്. രണ്ടിലേയും ഭാഷയിലും ശൈലിയിലും പ്രകടമായ വ്യത്യാസമുണ്ട്. കത്ത് തയ്യാറാക്കിയത് സുനിയുടെ സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥിയാണ് എന്നാണ് നിഗമനം.

വിഷ്ണുവിന് കത്ത് കൈമാറിയതും സഹതടവുകാരനായ വിദ്യാര്‍ത്ഥി തന്നെയാണ്. ഏപ്രില്‍ 12ന് എഴുതി സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ കൊടുത്തുവിട്ട കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സീലോടുകൂടിയ പേപ്പറിലായിരുന്നു കത്ത് എഴുതിയിരിക്കുന്നത്. തന്നെയും ഒപ്പമുള്ള അഞ്ചുപേരെയും രക്ഷിക്കണമെന്നാണ് കത്തില്‍ സുനി ആവശ്യപ്പെട്ടത്. തനിക്ക് വാഗ്ദാനം ചെയ്ത പണം അഞ്ചുമാസത്തിനുള്ളില്‍ നല്‍കണമെന്നും സുനി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പ് കാക്കനാടുള്ള ദിലീപിന്റെ കടയില്‍ ചെന്നിരുന്നെന്നും അപ്പോള്‍ എല്ലാവരും ആലുവയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സുനി കത്തില്‍ പറയുന്നു. വളരെ ബുദ്ധിമുട്ടിയാണ് താന്‍ ഈ കത്ത് കൊടുത്തുവിടുന്നതെന്നും ഈ കത്തു കൊണ്ടുവന്നവന് കേസിനെപ്പറ്റി കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും തനിക്ക് വേണ്ടി അവന്‍ ബുദ്ധിമുട്ടുന്നു എന്നു മാത്രമേയുള്ളൂവെന്നും കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാന്‍ തീരുമാനിച്ചു. ദിലീപിനോടു പറയാനുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ നാദിര്‍ഷയുടെ ഫോണിലേക്കാണു വിളികള്‍ വരുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലും വിളി വന്നു. എല്ലാം റിക്കോര്‍ഡ് ചെയ്തു രണ്ടു മാസം മുന്‍പുതന്നെ ഡിജിപിക്കു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.