കൊച്ചി: ആക്രമണമുണ്ടായ ദിവസം പള്‍സര്‍ സുനിയും സംഘവും നടിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ദേശീയപാതയിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങളാണ ്‌പോലീസിന് ലഭിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളാണ് ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പോലീസിന് ലഭിച്ചതെന്നാണ് സൂചന.
ട്രാവലര്‍ വാനില്‍ സംഘം നടിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ ഇവയില്‍ നിന്ന് ലഭിച്ചു. കൂടാതെ വെണ്ണലയില്‍ വാഹനം നിര്‍ത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങള്‍ കൊച്ചി നഗരത്തില്‍ നിന്നാണ് പോലീസിനി ലഭിച്ചത്. ഹൈവേയിലെ മുഴുവന്‍ സിസിടിവി ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങളും പൊലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി അന്വേഷണ സംഘം ഇന്നലെ കായലില്‍ തെരച്ചില്‍ നടത്തിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞു കളഞ്ഞെന്നാണ് ഒടുവില്‍ പൊലീസിനോട് പള്‍സര്‍ സുനി പറഞ്ഞത്. നേരത്തേയും പലയിടങ്ങളില്‍ ഫോണ്‍ ഉപേക്ഷിച്ചതായി പറഞ്ഞ് അന്വേഷണ സംഘത്തെ വട്ടം കളിപ്പിച്ച സുനി ഇക്കുറിയും അതേ അടവാണ് പയറ്റുന്നതെന്ന സംശയവും പൊലീസില്‍ ഉയരുന്നുണ്ട്.