നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ അന്ന് വൈകിട്ട് പള്‍സര്‍ സുനി സന്ദര്‍ശിച്ച യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ യുവതിയുടെ വീടിന്റെ മതില്‍ ചാടികടന്നാണ് സുനി രാത്രി അവിടെ എത്തിയത്. ഇതിന്റെ ക്യാമറ ദൃശ്യങ്ങള്‍ അടുത്ത ദിവസം പൊലീസിനു ലഭിച്ചിരുന്നു. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബായിലേക്കു പോയതായും പൊലീസ് കണ്ടെത്തി.

ഇതറിഞ്ഞിട്ടും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തുകൊണ്ടാണ് കൂടുതല്‍ പരിശോധന നടത്താതിരുന്നതെന്നും പരിശോധിക്കും. നിര്‍ണായക തൊണ്ടിമുതല്‍ കടത്തിയെന്ന വിവരം മറച്ചുവയ്ക്കാനാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ മൊഴി നല്‍കിയതെന്നാണു പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.

മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേസിലെ കുറ്റപത്രം അന്വേഷണ സംഘത്തിനു വീണ്ടും പുതുക്കേണ്ടിവരും. അതേസമയം, ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് ഈ മാസം 29നു ദുബായിലേക്ക് പോകും. ഇതിനു കോടതി അനുവാദം നല്‍കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ മൊബല്‍ ഫോണും സിം കാര്‍ഡും ദുബായിലാണ് ഉള്ളതെന്നും ഇത് നശിപ്പിക്കാനാണ് ദിലീപ് വിദേശയാത്ര ആവശ്യപ്പെട്ടതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം കേസില്‍ നടന്‍ ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. നടിയെ ആക്രമിച്ച സംഭവത്തിന് മുന്‍പ് തന്നെ ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുറ്റപ്പത്രത്തില്‍ പറയുന്നു. കേസില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് ആദ്യം സൂചന നല്‍കിയത് നടിയുടെ സഹോദരനാണ്.

സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നായിരുന്നു സഹോദരന്റെ മൊഴി. പിന്നീട് പള്‍സര്‍ സുനി ദിലീപിനയച്ച കത്തും കൂടി ലഭിച്ചതോടെ ദിലീപിന്റെ പങ്കിനെക്കുറിച്ചുള്ള സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ ‘മഴവില്ലഴകില്‍ അമ്മ’ എന്ന താരനിശക്കിടെ ദിലീപ് നേരിട്ട് നടിയെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപ്പത്രത്തിലുണ്ട്.

കാവ്യ മാധവനെക്കുറിച്ച് നടി ചില കാര്യങ്ങള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞുവെന്ന് കാവ്യ ദിലീപിനോടും നടന്‍ സിദ്ദിഖിനോടും വെളിപ്പെടുത്തിയിരുന്നു. ഇതുകേട്ട് ക്ഷുഭിതനായ ദിലീപ് പരിപാടിക്കിടെ നടിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു.

നടന്‍ സിദ്ദിഖ് ഇതിന് ദൃക്‌സാക്ഷിയാണ്. സിദ്ദിഖും നടിയെ വിളിച്ച് ഇത്തരം കാര്യങ്ങള്‍ ഇനി പറയരുതെന്ന് താക്കീത് ചെയ്തിരുന്നു എന്നും കുറ്റപ്പത്രത്തില്‍ പറയുന്നു. തന്റെ ദാമ്പത്യം തകര്‍ന്നതിനു കാരണക്കാരിയായി കരുതുന്ന നടിയോടുള്ള പകയാണ് ദിലീപിനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നടിയെ ആക്രമിക്കുന്നതിന് മുന്‍പ് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നിരവധി തവണ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ഗൂഢാലോചന തെളിയിക്കുന്ന പ്രധാന തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനു തെളിവുനിരത്തി പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി. ദുബായ് യാത്രയ്ക്ക് ദിലീപിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതിനുശേഷം തുടര്‍നടപടിയെടുക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നതായി പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ചാകും നടപടി. കേസിലെ അമ്പതോളം സാക്ഷികള്‍ സിനിമാമേഖലയിലുള്ളവരാണ്. ഇവരില്‍ ആരെല്ലാം അവസാനംവരെ കൂടെനില്‍ക്കുമെന്നതില്‍ പോലീസിന് ഉറപ്പുപോരാ.

ഇപ്പോള്‍ത്തന്നെ ആറു സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നാണു പോലീസിന്റെ ആരോപണം. മാപ്പുസാക്ഷിയാക്കാനിരുന്ന ചാര്‍ളി അവസാനനിമിഷം പിന്മാറി. ഇത് ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നാണു പോലീസ് പറയുന്നത്. തുടര്‍ന്നാണു ജയിലില്‍നിന്നു കത്തെഴുതാന്‍ സഹായിച്ച വിപിന്‍ലാലിനെ മാപ്പുസാക്ഷിയാക്കേണ്ടിവന്നത്.

വേണ്ടിവന്നാല്‍ വിചാരണയ്ക്കിടെ ഒമ്പതാം പ്രതി മേസ്തിരി സുനിലിനെയും മാപ്പുസാക്ഷിയാക്കും. നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പോലീസ് പറയുന്നു. സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന ഇയാളും പിന്നീട് മൊഴിമാറ്റി.

ഇതേത്തുടര്‍ന്നാണു സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ സാക്ഷിപ്പട്ടികയില്‍പ്പെടുത്തിയത്. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ദുബായ് യാത്രയ്ക്കിടെ ദിലീപ് സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും പോലീസ് പറയുന്നു. നടിയെ ആക്രമിക്കാന്‍ ദുബായിലും ഗൂഢാലോചന നടന്നിരുന്നുവെന്ന് പോലീസിനു സൂചന കിട്ടിയിരുന്നെങ്കിലും വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ല. സിംകാര്‍ഡും മെമ്മറികാര്‍ഡും ദുബായിലേക്കു കടത്തിയെന്ന സംശയവും നിലനില്‍ക്കുന്നു.

അങ്കമാലി കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടി മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും. ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ആറുമാസത്തിന് ശേഷമാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 1555 പേജുള്ള കുറ്റപത്രത്തില്‍ ആകെ 12 പ്രതികളാണുള്ളത്.

എട്ടാം പ്രതിയായ ദിലീപിനെതിരെ കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, തുടങ്ങി പത്തോളം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടതായുള്ള സാക്ഷിമൊഴികള്‍, നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വ്യാജ ചികിത്സ രേഖ, അറസ്റ്റിലായ ശേഷം പള്‍സര്‍ സുനി ഒരു പോലീസുദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്, പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയത് തുടങ്ങിയവയാണ് സുപ്രധാന തെളിവുകള്‍.