പുല്‍വാമയിലെ ജവാന്‍മാരുടെ മരണവും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഭീകരത തന്നെയെന്ന് മോഹന്‍ലാല്‍. പെരിയയിലെ ഇരട്ടക്കൊലപാതകം പരോക്ഷമായി സൂചിപ്പിച്ചാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. ‘അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു’ എന്ന തലക്കെട്ടിലാണ് ബ്ലോഗിന്‍റെ തുടക്കം. ജവാൻമാർ രാജ്യത്തിൻറെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നത് കുടുംബത്തിന്‍റെ കാവല്‍ക്കാരാണെന്ന് ബ്ലോഗില്‍ പറയുന്നു.

ബ്ലോഗ് പോസ്റ്റിന്‍റെ പൂർണരൂപം

അവർ മരിച്ചുകൊണ്ടേയിരിക്കുന്നു…. നാം ജീവിക്കുന്നു
കുറച്ച് കാലമായി എഴുതിയിട്ട്…. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ…. എന്തിന്. ആരോട് പറയാൻ!!! ആര് കേൾക്കാൻ. ഇപ്പോൾ എഴുതണം എന്ന് തോന്നി….. അതിനാൽ ഒരു കുറിപ്പ്….
വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങൾ വിറങ്ങലിച്ച് നിൽക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി…. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളിൽ വെള്ള പുതുച്ചുകിടന്നു.
തീഗോളമായി ചിതറും മുമ്പ് അവർ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്…..

ആരോടൊക്കെയോ അവർ വിശേഷങ്ങൾ പങ്കുവച്ചു….വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. ‘ഒന്നും സംഭവിക്കില്ല’ എന്ന് പ്രതീക്ഷിച്ചു.

കശ്മീരിന്റെ തണുപ്പിനെ നേരിടാൻ അവർക്ക്, ആ ജവാന്മാർക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്നേഹച്ചൂട് മതിയായിരുന്നു….
ആ ചൂടിൽ, അവർ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തിൽ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തിൽ…. തണുത്ത നിലങ്ങളിൽ അവർ ചിതറി…. ഭൂമി വിറച്ചു: പർവതങ്ങൾ ഉലഞ്ഞു. തടാകങ്ങൾ നിശ്ചലമായി…… ദേവദാരുക്കൾ പോലും കണ്ണടച്ച് കൈകൂപ്പി…. പിന്നീടവർ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തിൽ മുങ്ങി. ആ വിടുകളിൽ സൂര്യൻ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ………..

ആ വീരജവാന്മാർ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവർ നിന്നയിടങ്ങളിൽ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്…..
അവരുടെ വേദനകൾ, സങ്കടങ്ങൾ, പരാതികൾ കേട്ടിട്ടുണ്ട്.

അവർ പകർന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും, അവരുടെ പാദങ്ങളിൽ പ്രണമിക്കാൻ തോന്നിയിട്ടുണ്ട്.

ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാർ ജോലി ചെയ്യുന്നത്, മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ അവർ അതിനെക്കുറിച്ച് ഓർക്കാറേയില്ല. ശത്രുക്കൾ പതുങ്ങുന്ന അതിർത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ തനിക്ക് പിറകിൽ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം.

ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്.
ആ ജന്മകടത്തിന് മുന്നിൽ സാഷ്ടാംഗ പ്രണാമം…….

ഞങ്ങൾക്കറിയാം….. നിങ്ങൾ മരിച്ചുകൊണ്ടേയിരിക്കുന്നു. ഞങ്ങൾ ജീവിക്കുന്നു. നിസാര കാര്യങ്ങൾക്ക് കലഹിച്ചുകൊണ്ട്, നിരർത്ഥ‌ക മോഹങ്ങളിൽ മുഴുകിക്കൊണ്ട്…………..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു.

രണ്ടും ഭീകരത തന്നെ…. ജവാന്മാർ രാജ്യത്തിന്റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്റെ കാവൽക്കാരായിരുന്നു.

അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം….
നമുക്കിടയിലുള്ള ഭീകരരെ എന്തു ചെയ്യും.

അവരെ ഒറ്റപ്പെടുത്തു…. തള്ളിക്കളയുക…. ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക…..

മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ.

അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളിൽ നിറയാതിരിക്കട്ടെ.

അതെ…. അവർ മരിച്ചുകൊണ്ടേരിയിക്കുന്നു…. നാം ജീവിക്കുന്നു.

ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യർക്ക് വേണ്ടി ഞാൻ ചോദിക്കുന്നു……. മാപ്പ്….. മാപ്പ്. ലജ്ജയോടെ, തകർന്ന ഹൃദയത്തോടെ, ഞങ്ങൾ ജീവിതം തുടരട്ടെ…..

സ്നേഹപൂർവം
മോഹൻലാൽ